/indian-express-malayalam/media/media_files/2026/02/17/antony-raju-2026-02-17-16-56-51.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: വിദേശ പൗരനെ ക്രിമിനൽ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജില്ല സെഷൻസ് കോടതി തള്ളി. കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്നു വർഷത്തെ തടവും പിഴയും വിധിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ആൻ്റണി രാജുവിന്റെ ആവശ്യം.
ആന്‍റണി രാജുവിന്‍റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതുവരെ കോടതി താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. അപ്പീലിൽ വിശദമായ വാദം കേട്ട് ഉത്തരവ് പറയുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. അതേസമയം, ശിക്ഷ റദ്ദാക്കാത്തതിനാൽ ആന്റണി രാജുവിന്റെ അയോഗ്യത തുടരും.
Also Read: സർക്കാരിന് തിരിച്ചടി, നവ കേരള സര്‍വ്വേ ഹൈക്കോടതി റദ്ദാക്കി
1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നതാണ് കേസ്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 61 ഗ്രാം ഹാഷിഷ് ഓയിലുമായി ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദൂർ സർവലി ആണ് അന്ന് പിടിയിലായത്. ഈ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി പ്രതിയെ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. അന്ന് പ്രതിഭാഗം അഭിഭാഷകയായിരുന്ന സെലിൻ വിൽഫ്രഡിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആന്റണി രാജു.
പ്രതി ജയിലിലായി നാല് മാസം കഴിഞ്ഞപ്പോൾ പോൾ എന്ന പേരിൽ ഒരു ബന്ധു കോടതിയിലെത്തി കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. തുടർന്ന് കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ചു. ഇത് വെട്ടിത്തയ്ച്ച് ചെറുതാക്കി പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റി തിരികെ വച്ചു. തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയ പ്രതി, തൊണ്ടിമുതലായ അടിവസ്ത്രം തന്റേതല്ലെന്ന വാദം ഉയർത്തി. ഇത് പ്രതിക്ക് പാകമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ കോടതി ഇയാളെ വെറുതെവിട്ടു.
Also Read: ആറ്റുകാൽ പൊങ്കാല: യാത്രക്കാർക്കായി പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പുകളും
കുറ്റവിമുക്തനായ സർവലി ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് മറ്റൊരു കേസിൽ സർവലി പിടിയിലായതോടെയാണ് സത്യം പുറത്തുവന്നത്. കോടതി ജീവനക്കാരന് പണം നൽകി അടിവസ്ത്രം വെട്ടി ചെറുതാക്കിയാണ് രക്ഷപ്പെട്ടതെന്ന് ഇയാൾ സഹതടവുകാരനോട് വെളിപ്പെടുത്തി. ഈ വിവരം ഇന്റർപോൾ വഴി സിബിഐയെയും തുടർന്ന് കേരള പൊലീസിനെയും അറിയിക്കുകയായിരുന്നു. 1994ലാണ് വഞ്ചിയൂർ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.
2005 ൽ ഉത്തരമേഖലാ ഐജിയായിരുന്ന ടി.പി സെൻകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2006 ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമായി കുറ്റപത്രം നൽകി. കുറ്റപത്രം നൽകിയ ശേഷം 16 വർഷത്തോളം കേസ് വിചാരണയില്ലാതെ കെട്ടിക്കിടന്നു. പ്രതികൾ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് ഇതിന് കാരണമെന്ന് 2022ൽ വാർത്തകൾ പുറത്തുവന്നതോടെയാണ് കേസിന് വീണ്ടും ജീവൻ വച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതി വരെ സമീപിച്ചിരുന്നെങ്കിലും ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.
Read More: ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ ന്യൂനമർദം; ഇടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും മഴ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us