തിരുവനന്തപുരം: സര്‍വകലാശാലാ മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സര്‍വകലാശാലാ ചട്ടം ലംഘിച്ചെന്ന വിവാദത്തിൽ മന്ത്രിക്കെതിരെ കൂടുതൽ തെളിവുകൾ. അദാലത്തുകളിലെ ഫയലുകള്‍ മന്ത്രിക്ക് കാണാൻ സൗകര്യമൊരുക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തില്‍ മന്ത്രിയുടെ കൂടുതൽ ഇടപെടലുകളുണ്ടായെന്നു വ്യക്തമാക്കുന്ന രേഖകളാണ് വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ ഫെബ്രുവരി നാലിന് ഇറക്കിയ ഉത്തരവിലാണ് മന്ത്രിയുടെ ഇടപ്പെടലിന് അവസരമൊരുക്കുന്നത്. സംഘാടകസമിതി പരിശോധിച്ച് തീര്‍പ്പാക്കാൻ സാധിക്കാത്ത ഫയലുകളോ മന്ത്രിയുടെ ഇടപെടല്‍ ആവശ്യമുള്ള ഫയലുകളോ അദാലത്ത് ദിവസം മന്ത്രിക്ക് നല്‍കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

കേരളത്തിലെ ആറ് സര്‍വകലാശാലകളില്‍ ഫയല്‍ അദാലത്ത് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന ഉത്തരവാണ് ഇത്. അദാലത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ മാത്രമേ താന്‍ പങ്കെടുത്തിട്ടുള്ളൂ എന്നും അദാലത്തില്‍ മറ്റുതരത്തിലുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നുമായിരുന്നു നേരത്തെ മന്ത്രി പറഞ്ഞിരുന്നത്. സര്‍വകലാശാല ആക്ട് മൂന്നാം അധ്യായം പ്രകാരം പ്രോ ചാൻസലര്‍ അഥവാ വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാലകളില്‍ ഇടപെടണമെങ്കിൽ ചാൻസലറായ ഗവർണറുടെ അഭാവത്തില്‍ മാത്രമേ പറ്റൂ. അതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്.

അതേസമയം കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ അന്തസ് നശിപ്പിക്കരുതെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. കേരളത്തിനു വലിയ വിദ്യാഭ്യാസ പാരമ്പര്യമുണ്ട്. അതു നശിപ്പിക്കുന്ന നടപടികള്‍ ആരില്‍നിന്നും ഉണ്ടാവരുത്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.