കോട്ടയം: ചിന്നക്കനാലില്‍ റവന്യൂ വകുപ്പ് ഒഴിപ്പിച്ച സ്ഥലം മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും കൈയേറി കുടിൽ കെട്ടി. ആദിവാസികൾക്ക് നൽകാനായി മാറ്റിവച്ച ഭൂമി കൈയേറിയ സ്ഥലമാണ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്.​​ഈ ഭൂമിയിലാണ് മണിക്കൂറുകൾക്കകം വീണ്ടും കുടിൽ കെട്ടിയത്.

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥംമാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ചൊവ്വാഴ്ച റവന്യൂ വകുപ്പ് മൂന്നാറില്‍ വീണ്ടും കൈയേറ്റമൊഴിപ്പിക്കല്‍ നടപടികളുമായി രംഗത്തെത്തിയത്. ചിന്നക്കനാലില്‍ ആദിവാസികള്‍ക്കു നല്‍കാനായി വകയിരുത്തിയിരുന്ന ഭൂമിയില്‍ നടത്തിയ കൈയേറ്റമാണ് റവന്യു ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചത്.

കൈയേറിയ 13 ഏക്കര്‍ സ്ഥലമാണ് ഒഴിപ്പിച്ചത്. ചിന്നക്കനാല്‍ മുത്തമ്മാള്‍ കുടിയില്‍ സര്‍വേ നമ്പര്‍ 82/1 ഉള്‍പ്പെടുന്ന റവന്യൂ ഭൂമി നേരത്തേ റവന്യൂ വകുപ്പ് വനംവകുപ്പിന് യൂക്കാലി കൃഷിക്കായി പാട്ടത്തിനു നല്‍കിയിരുന്നു. പിന്നീടാണ് ഈ സ്ഥലം ഏറ്റെടുത്ത് ആദിവാസികള്‍ക്കു വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി ഭൂമി ഓരോ ഏക്കറുകള്‍ വീതമുള്ള പ്ലോട്ടുകളായി തിരിക്കുകയായിരുന്നു. ഇത്തരത്തില്‍ മാറ്റിവച്ച ഭൂമിയില്‍ 13 ഏക്കറാണ് വെള്ളൂക്കുന്നേല്‍ സ്‌കറിയ എന്ന സ്വകാര്യ വ്യക്തി കൈയേറിയതെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. ഏതാനും വര്‍ഷം മുമ്പു ഭൂമി കൈയേറിയ സ്‌കറിയ ഇതില്‍ ഷെഡ് നിര്‍മിക്കുകയും കയ്യാല കെട്ടി ഭൂമി വേര്‍തിരിക്കുകയും ചെയ്തു. ഒഴിപ്പിക്കലിന്റെ ഭാഗമായി കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ചിരുന്ന തകര ഷീറ്റു മേഞ്ഞ കെട്ടിടവും സ്ഥലത്തിന്റെ അതിര്‍ത്തിയിലായി നിര്‍മിച്ച ഗേറ്റും ഭൂ സംരക്ഷണ സേന പൊളിച്ചു നീക്കി. പാപ്പാത്തി ചോലയില്‍ കുരിശുനാട്ടി ഭൂമി കൈയേറിയതിന്റ പേരില്‍ വിവാദത്തിലായ ടോം സക്കറിയയുടെ പിതാവാണ് സ്‌കറിയ ജോസഫ് എന്ന വെളളക്കുന്നേൽ സ്കറിയ എന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.

munnar, eviction, land issue

ചിന്നക്കനാലിൽ കൈയേറ്റമൊഴിപ്പിച്ച ഭൂമിയിൽ​ കുടിൽ​കെട്ടിയിരിക്കുന്നു

മുമ്പ് സംബന്ധിച്ചത് പോലെ കൈയേറ്റം ഒഴിപ്പിക്കല്‍ തടയാന്‍ സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘമെത്തിയെങ്കിലും പോലീസ് ഇവരെ അകത്തേയ്ക്കു കടക്കാന്‍ സമ്മതിച്ചില്ല. കുറച്ചു സമയം കാത്തുനിന്ന ശേഷം പ്രവര്‍ത്തകര്‍ തിരിച്ചു പോവുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രി തന്നെ ഒരു വിഭാഗമാളുകള്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ടാര്‍ പോളിന്‍ ഷീറ്റ് ഉപയോഗിച്ചു കുടില്‍ കെട്ടുകയായിരുന്നു. സംഭവം സംബന്ധിച്ചു റവന്യൂ വകുപ്പ് അധികൃതര്‍ ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടില്‍ പൊളിച്ചു നീക്കി വീണ്ടും സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുമെന്നു റവന്യു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ