വൈകിയെത്തിയ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്. പെരുമഴയും ഉരുള്‍പൊട്ടലും പ്രളയവും നിശ്ചലമാക്കിയ മൂന്നാറുള്‍പ്പടെയുള്ള ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നീലക്കുറിഞ്ഞി പൂക്കാലത്തോടെ വീണ്ടും സജീവമാകുന്നതായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജയന്‍ പി വിജയന്‍ പറഞ്ഞു.
നീലക്കുറിഞ്ഞി പൂക്കാലം ആസ്വദിക്കാന്‍ പ്രത്യേക പാക്കേജും ഡിടിപിസി അവതരിപ്പിക്കുന്നുണ്ട്. മൂന്നാറിനു സമീപമുള്ള ഇരവികുളം നാഷണല്‍ പാര്‍ക്കിലും സൂര്യനെല്ലിക്ക് സമീപമുള്ള കൊളുക്കുമലയിലുമാണ് ഇപ്പോള്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത്.കനത്തമഴയ്ക്ക് ശേഷം തുടര്‍ച്ചയായി വെയില്‍ തെളിഞ്ഞതോടെയാണ് നീലക്കുറിഞ്ഞികള്‍ വ്യാപകമായി പൂത്തുതുടങ്ങിയതും കൊളുക്കുമലയിലെയും രാജമലയിലെയും കുന്നിന്‍ചരിവുകള്‍ വയലറ്റ് പുതപ്പണിഞ്ഞതും.
സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാ ക്കിയിട്ടുണ്ടെന്ന് ഇരവികുളം നാഷണല്‍ പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കുന്നു. പ്രതിദിനം 3500 പേര്‍ക്കാണ് നിലവില്‍ നീലക്കുറിഞ്ഞി വസന്തം കാണാന്‍ അവസരം ലഭിക്കുക. അതേസമയം കഴിഞ്ഞ മൂന്നുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴ കുറിഞ്ഞി വസന്തത്തിന് മങ്ങലേല്‍പ്പിക്കുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

കുറിഞ്ഞിപ്പൂക്കാലത്തിന്റെ സാധ്യതകള്‍ മുതലെടുത്ത് പരമാവധി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഡിടിപിസിയും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരും. ഇരവികുളം നാഷണല്‍ പാര്‍ക്കിലേയ്ക്ക് സഞ്ചാരികളെ എത്തിക്കുന്നതിനായി കെഎസ്ആര്‍ടിസി നാല് ബസുകള്‍ ഇറക്കിയിട്ടുണ്ട്. 20 രൂപയാണ് ഇതിന്റെ നിരക്ക് . ഇതോടൊപ്പം പത്ത് ജീപ്പുകള്‍ക്കും ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
മലനിരകള്‍ നിറഞ്ഞു കുറിഞ്ഞി പൂത്തിട്ടുള്ളത് സൂര്യനെല്ലിയില്‍ നിന്നു 12 കിലോമീറ്റര്‍ അകലെയുള്ള കൊളുക്കുമലയിലാണ്. സൂര്യനെല്ലിയില്‍ നിന്ന് ഓഫ് റോഡ് ജീപ്പുകളിലാണ് ഈ റൂട്ടിലേക്കെത്താനാവുക. ഡിടിപിസിയുടെ നിയന്ത്രണത്തില്‍ നടത്തുന്ന ജീപ്പുകളില്‍ കൊളുക്കുമലയിലെത്താന്‍ ഏഴുപേര്‍ക്കു 2000 രൂപയാണ് നിരക്കായി നല്‍കേണ്ടത്. നീലക്കുറിഞ്ഞി പൂക്കാലം കാണാന്‍ ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും സൂര്യനെല്ലി കൊളുക്കുമലയിലേക്കുള്ള ഓഫ് റോഡ് ജീപ്പ് സൗകര്യം ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുടങ്ങുന്നു.
തൊടുപുഴ- ചീയപ്പാറ വെള്ളച്ചാട്ടം- വാളറ വെള്ളച്ചാട്ടം-ദേവികുളം – ലോക്കാട് ഗ്യാപ്പ്- ചിന്നക്കനാല്‍ റൂട്ടില്‍ 14 സീറ്റുള്ള ട്രാവലറിന് നിരക്ക് 5000 രൂപയാണ് നിരക്ക് ഈടാക്കുക. സൂര്യനെല്ലി- കൊളുക്കുമല ഓഫ് റോഡ് യാത്ര നിരക്ക് ഏഴ് പേര്‍ക്ക് ജീപ്പ് ട്രിപ്പിന് 2000 രൂപ, ചെറുതോണി- സൂര്യനെല്ലി 14 സീറ്റ് ട്രാവലര്‍ നിരക്ക് 4000 രൂപയും സൂര്യനെല്ലി- കൊളുക്കുമല ഓഫ് റോഡ് യാത്ര ഏഴ് പേര്‍ക്ക് ജീപ്പ് ട്രിപ്പ് ഒന്നിന് 2000 രൂപയുമാണ് നിരക്ക്. കട്ടപ്പന- സൂര്യനെല്ലി 14 സീറ്റ് ട്രാവലറിന് 4000 രൂപയും സൂര്യനെല്ലി- കൊളുക്കുമല ഓഫ് റോഡ് യാത്ര ഏഴ് പേര്‍ക്ക് ജീപ്പ് ട്രിപ്പ് ഒന്നിന് 2000 രൂപയും മൂന്നാര്‍- ചിന്നക്കനാല്‍ റൂട്ടില്‍ 2000 രൂപയുമാണ് നിരക്ക്. വാഹനം അഡ്വാന്‍സായി ബുക്ക് ചെയ്യാനുള്ള സൗകര്യവും സഞ്ചാരികള്‍ക്കു ലഭിക്കുമെന്ന് ഡിടിപിസി സെക്രട്ടറി പറയുന്നു.
നീലക്കുറിഞ്ഞി പൂക്കാലമടുത്തതോടെ മൂന്നാറിലേയ്ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളതെന്ന് മൂന്നാര്‍ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് വി വി ജോര്‍ജ് പറയുന്നു. ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലായതോടെ നിലവില്‍ മിക്ക ഹോട്ടലുകള്‍ക്കും നവംബര്‍ മുതല്‍ മുന്നോട്ടുള്ള മാസങ്ങളിലേക്കു ബുക്കിങ് കിട്ടുന്നുണ്ട്. നിലവില്‍ ഇപ്പോള്‍ മൂന്നാറിലെത്തുന്നതില്‍ ഭൂരിഭാഗവും വിവിധ ജില്ലകളില്‍ നിന്നുള്ള നാട്ടുകാരാണ്. പക്ഷേ ഇത്തരത്തിലെത്തുന്ന സഞ്ചാരികള്‍ വഴിയരികില്‍ പ്ലാസ്റ്റിക്കും കുപ്പികള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്. ഇത് മൂന്നാറിന്റെ ടൂറിസം മേഖലയ്ക്ക് ദോഷകരമാകും എന്ന ആശങ്കയിലാണിപ്പോളെന്ന്, വി വി ജോര്‍ജ് പറയുന്നു.
നീലക്കുറിഞ്ഞി പൂക്കാലം കാണുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ഇരവികുളം നാഷണല്‍ പാര്‍ക്ക് അധികൃതര്‍. ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്കുചെയ്യാനാവും. ഇതോടൊപ്പം ഏതാനും മാസം മുമ്പ് കാട്ടുതീയുണ്ടായ കുരങ്ങിണി വനമേഖലയിലും വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. തമിഴ്‌നാട് വനംവകുപ്പിന്റെ അധീനതയിലാണ് ഈ പ്രദേശം.
നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാവുന്നത് ഇവിടെ
ഇരവികുളം നാഷണല്‍ പാര്‍ക്ക്- മൂന്നാറില്‍ ആറു കിലോമീറ്റര്‍. മൂന്നാര്‍ ടൗണില്‍ നിന്നു സഞ്ചാരികളെ എത്തിക്കാന്‍ നാലു കെഎസ്ആര്‍ടിസി ബസുകള്‍ ട്രിപ്പ് നടത്തും. ചാര്‍ജ് 20 രൂപ. ഇതോടൊപ്പം പത്തു ജീപ്പുകള്‍ക്കും പോലീസ് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളിലേക്കു വനംവകുപ്പിന്റെ വാഹനത്തില്‍ പാര്‍ക്കിനുള്ളിലേക്കു കൊണ്ടുപോകും. മുതിര്‍ന്നവര്‍ക്കു 120 രൂപയും കുട്ടികള്‍ക്ക് 90 രൂപയും വിദേശികള്‍ക്ക് 400 രൂപയുമാണ് പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള നിരക്ക്. വീഡിയോ കാമറയ്ക്കും 315 രൂപയും സ്റ്റില്‍ ക്യാമറയ്ക്കു 40രൂപയും നല്‍കണം. നിലവില്‍ 3500 പേര്‍ക്കാണ് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കുക. 75 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെയും 25 ശതമാനം ടിക്കറ്റുകള്‍ കൗണ്ടര്‍ വഴിയും നല്‍കും. ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്കുചെയ്യാനുള്ള സൈറ്റുകള്‍ http://www.munnarwildlife.com , http://www.eravikulamnationalpark.com.
കൊളുക്കുമല
മൂന്നാറില്‍ നിന്ന് 21 കിലോമീറ്റര്‍ അകലയുള്ള സൂര്യനെല്ലിയില്‍ എത്തിയശേഷം അവിടെനിന്ന് ഓഫ് റോഡ് ജീപ്പില്‍ പന്ത്രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊളുക്കുമലയിലെത്തും. ഒരു ജീപ്പിന് 2000 രൂപയാണ് നിരക്ക്. ഏഴുപേര്‍ക്കു വരെ പരമാവധി സഞ്ചരിക്കാം. ഡിടിപിസിയുടെ അംഗീകാരമുള്ള വാഹനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുക.

സഞ്ചാരികള്‍ക്ക് സൂര്യനെല്ലിയിലെത്താന്‍ തൊടുപുഴ, ചെറുതോണി, കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നു ഡിടിപിസി ഏര്‍പ്പെടുത്തുന്ന ട്രാവലറുകളും ബുക്ക് ചെയ്യാം. ഫോണ്‍: 04862 232248, 9048634155, 04865 231516.