കോഴിക്കോട്: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കേസന്വേഷണം ക്വട്ടേഷൻ സംഘത്തിൽ ഒതുങ്ങില്ലെന്ന് മന്ത്രി എ.കെ.ബാലൻ. ഉടുന്പിനെ മാളത്തിൽ നിന്ന് തീവച്ച് പുറത്ത് ചാടിക്കുന്നത് പോലെ, പ്രതി ദൈവമാണെങ്കിലും പൊലീസ് പിടികൂടുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സിനിമ വകുപ്പ് ഏറ്റെടുത്തപ്പോൾ തന്നെ ഷോക്കടിക്കുമെന്നാണ് തന്നോട് ചിലർ പറഞ്ഞത്. എന്നാൽ ഷോക്കടിക്കാൻ പോകുന്നത് മറ്റ് ചിലർക്കാണ്. നടി നൽകിയ മൊഴിയിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. ക്രിമിനൽ ഗൂഢാലോചന അടക്കം നടി മൊഴിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അന്വേഷിക്കും. ഫലപ്രദമായ ഇടപെടലാണ് കേസിൽ സർക്കാർ നടത്തുന്നത്” അദ്ദേഹം പറഞ്ഞു.

“അംഗീകരിക്കാൻ സാധിക്കാത്ത പല പ്രവണതകളും ഉള്ള മേഖലയാണ് സിനിമ മേഖല. അത് പരിപൂർണ്ണമായും ഇല്ലാതാക്കും. സിനിമാ മേഖലയിലുള്ളവരുടെ തന്നെ സഹായത്തോട് കൂടിയാകും ഇത്. ഇത്തരം കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരെ പുറത്തുകൊണ്ടുവരും. കേസിൽ ദൈവം ഒരു മനുഷ്യന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് വയ്ക്കുക, അതും പിടിക്കപ്പെടും. നടിക്കെതിരായ ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെല്ലാം ഷോക്കടിക്കും” മന്ത്രി കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച രാത്രിയാണ് നടിയെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഇവരെ അന്ന് രാത്രി തന്നെ പാലാരിവട്ടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേരാണ് ഇതുവരെ പിടിയിലായത്. മുഖ്യപ്രതി പൾസർ സുനിയും മറ്റൊരാളുമാണ് പിടിയിലാകാനുള്ളത്. ഇവർ കീഴടങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഇതേ തുടർന്ന് എറണാകുളത്തെ കോടതികളിൽ പൊലീസിനെ വിന്യസിച്ചു.  കോടതിയിൽ കീഴടങ്ങും മുൻപ് പ്രതിയെ പിടികൂടാൻ തന്നെയാണ് പൊലീസിന്റെ ശ്രമം.

അതേസമയം, സംഭവത്തിന് പിന്നിൽ രണ്ട് മാസത്തോളം നീണ്ട ആസൂത്രണം ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിൽ നിന്ന് വിവരം ലഭിച്ചു. സംഭവം ക്വട്ടേഷൻ ആണെന്ന് പ്രതികൾ തട്ടിക്കൊണ്ടുപോകും വഴി തന്നോട് പറഞ്ഞതായി നടി മൊഴി നൽകിയിട്ടുണ്ട്. ഇതോടെ കേസിന്റെ അന്വേഷണം സിനിമാ മേഖലയിലേക്കും കൂടി വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ