തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച വിധി വരുന്നതിന് മുമ്പ് തന്നെ സന്നിധാനത്തെത്തുമെന്ന് പ്രഖ്യാപിച്ച ഭൂമാത് ബ്രീഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പിന്നില്‍ ആരാണെന്ന് പകല്‍പോലെ വ്യക്തമാണെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിനില്ലെന്ന് ഇന്നത്തെ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കി. എങ്ങനെയെങ്കിലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന നിലപാട് ഇടതുമുന്നണിക്കുമില്ല. യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ സർക്കാരോ എൽഡിഎഫോ ഒന്നും ചെയ്തിട്ടില്ല. തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നിൽ ആരാണെന്നത് പകൽ പോലെ വ്യക്തമാണ്,’ കടകംപളളി പറഞ്ഞു.

സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ സർക്കാരിന് നിലപാടെടുക്കാനാകില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. പ്രശ്നങ്ങൾ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാൻ വേണ്ട കാര്യങ്ങൾ ദേവസ്വം ബോർഡ് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലകാലം തുടങ്ങുമ്പോള്‍ ശബരിമലയിലെത്തുമെന്ന് അറിയിച്ച തൃപ്തി ദേശായി കഴിഞ്ഞ ദിവസം സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. പ്രത്യേക സുരക്ഷ അനുവദിക്കാനാകില്ലെന്നും സാധാരണ നിലയിലുള്ള സുരക്ഷ നല്‍കുമെന്നുമായിരുന്നു കേരള പൊലീസിന്‍റെ മറുപടി. അതിനിടയില്‍ ആരാണ് തൃപ്തി ദേശായി എന്ന് ഇന്ന് മുഖ്യമന്ത്രി ചോദിക്കുകയും ചെയ്തു. സർവകക്ഷി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ മറുചോദ്യം.

തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകളെ കടത്തിവിടുമോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ‘അവരാരാണ്, അവര്‍ നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ,’ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ