കൊച്ചി: നിയമ വാഴ്ച സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും നിയമം പാലിക്കാൻ ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്നും ഹൈക്കോടതി. കോടതി ഒരു വിഷയത്തിൽ തീർപ്പുകൽപ്പിച്ചാൽ അത് പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. സഭാ കേസിൽ മുളന്തുരുത്തി മാർത്തോമ്മൻപള്ളിയിൽ ആരാധനയ്ക്കും ഭരണനിർവഹണത്തിനും ഓർത്തഡോക്സ് പക്ഷത്തിന് പൊലീസ് സംരക്ഷണം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

പള്ളിത്തർക്കത്തിൽ കോലഞ്ചേരി പള്ളിക്കേസിലെ സുപ്രീം കോടതി ഉത്തരവ്‌ എല്ലാവർക്കും ബാധകമാണെന്നും എന്നാൽ യാക്കോബായ പക്ഷം യാഥാർത്ഥ്യം അംഗീകരിച്ചതായി കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി തൽസ്ഥിതി തുടരാൻ നിർദേശിച്ചിട്ടില്ലെന്നും എന്നാൽ ഈ വാദമുന്നയിച്ച് യാക്കോബായ പക്ഷം നിയന്ത്രണമുള്ള പള്ളികളിൽ തമ്പടിച്ചിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പള്ളിയിൽ തങ്ങളാണ് ഭൂരിപക്ഷമെന്ന യാക്കോബായ പക്ഷത്തിന്റെ വാദം അവകാശ തർക്ക കേസിൽ ജില്ലാ കോടതി തള്ളിയതാണെന്നും തീർപ്പുകൽപ്പിച്ച സാഹചര്യത്തിൽ വിധി നടത്തിപ്പിന് പൊലീസ് സംരക്ഷണം തേടാം.

Read Also: ‘ബവ് ക്യു’; ആപ്പിന് പേരായി, മദ്യവിൽപ്പന ശനിയാഴ്‌ച ആരംഭിച്ചേക്കും

പള്ളിയിൽ ആരാധനയ്ക്കും ഭരണനിർവഹണത്തിനും ഓർത്തഡോക്സ് പക്ഷത്തെ വികാരിക്ക് തടസ്സമുണ്ടാവുന്നില്ലെന്ന് പൊലീസും ജില്ലാ ഭരണകൂടവും ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. ഓർത്തഡോക്സ് വിഭാഗമല്ലാതെ മറ്റാരും പള്ളിയിൽ ആരാധന നടത്തുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം. പള്ളി ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനും തടസമുണ്ടങ്കിൽ ആവശ്യമായ പൊലീസിനെ വിന്യസിക്കണം. ഇടവകാംഗങ്ങൾക്കെല്ലാം ആരാധനയിൽ പങ്കെടുക്കാം. ആരുടേയും അവകാശം ഹനിക്കരുതെന്നും ഓർത്തഡോക്സ് പക്ഷത്തിനും കോടതി നിർദേശം നൽകി. ക്രമസാധപ്രശ്നങ്ങൾ ഉണ്ടാവാതിരിക്കും വരെ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.