scorecardresearch

‘എ ഐ ക്യാമറ സംബന്ധിച്ച് എല്ലാ വിവരങ്ങളും പുറത്ത് വിടണം’; 236 കോടി ചിലവഴിച്ചത് അതിശയകരമെന്നും സതീശന്‍

പൊതുഖജനാവില്‍ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എ ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമയി പ്രകടിപ്പിച്ചതും ഏറെ ഗൗരവതരമാണെന്നും സതീശന്‍ പറഞ്ഞു

VD Satheeshan, congress, ie malayalam
വി ഡി സതീശന്‍

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറകള്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എ ഐ ക്യാമറകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്. ക്യാമറകളുടെ യഥാര്‍ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും ഉള്‍പ്പെടെ വിശദമായ കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്,” സതീശന്‍ പറഞ്ഞു.

രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ കറന്‍സിയില്‍ അതിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന തരത്തിലുള്ള കെട്ടുകഥകള്‍ സംഘപരിവാര്‍ സംഘടനകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അതിന് സമാനമായതും അതിശയോക്തിപരവും അവിശ്വസനീയവുമായ വിവരങ്ങളാണ് എ.ഐ ക്യാമറയെ സംബന്ധിച്ച് സര്‍ക്കാരും ഗതാഗത വകുപ്പും പൊലീസും പൊതുസമൂഹത്തിന് നല്‍കുന്നത്.

പൊതുഖജനാവില്‍ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എ ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമയി പ്രകടിപ്പിച്ചതും ഏറെ ഗൗരവതരമാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകള്‍ ഈ ക്യാമറകള്‍ക്ക് ഉണ്ടോയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്.

ക്യാമറയില്‍ പതിയുന്ന നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ നിശ്ചിത കാലത്തേക്കെങ്കിലും സൂക്ഷിച്ച് വയ്ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനായി ഏത് സെര്‍വറാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരാണ് സെര്‍വര്‍ പ്രൊവൈഡര്‍ എന്നതും പരസ്യപ്പെടുത്തണം. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ചോരാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കണം.

“അടുത്തഘട്ടത്തില്‍ വാഹന ഉടമയുടെ ഫാസ് ടാഗുമായി ബന്ധപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും നിയമലംഘനത്തിനുള്ള പിഴ ഈടാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് പറയുന്നത്. അനുമതി ഇല്ലാതെ ഒരാളുടെ അക്കൗണ്ടില്‍ നിന്നും എങ്ങനെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത്? ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയിട്ടുണ്ടോ? ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണിത്?,” സതീശന്‍ ചോദിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Every detail regarding ai camera should publish satheeshan to govt