/indian-express-malayalam/media/media_files/uploads/2018/05/shahshi-tharoor-Shashi_tharoor-wikimedia-commons-660x400.jpg)
തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എതിരേയും കരി ഓയില്‍ ആക്രമണമുണ്ടായേനെ എന്ന് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. സ്വാമി അഗ്നിവേശ് പങ്കെടുത്ത 'വെറുപ്പിന്റെ അസഹിഷ്ണുതയും അക്രമവും' എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തരൂര്‍. ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍, സ്വാമി വിവേകാനന്ദന്‍ രാജ്യത്ത് മനുഷ്യത്വം ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചേനെയെന്നും അതിന് അദ്ദേഹം ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയാവുമായിരുന്നുവെന്നും തരൂര്‍ പറഞ്ഞു.
'സ്വാമി വിവേകാനന്ദന്‍ ഇപ്പോഴത്തെ ഇന്ത്യയിലേക്ക് വന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും സ്വാമി അഗ്‌നിവേശിനെ ആക്രമിച്ച ഗുണ്ടാസംഘം അദ്ദേഹത്തെയും ലക്ഷ്യമിട്ടേനെ. സ്വാമി വിവേകാനന്ദന്‍ എല്ലാ കാലത്തും എല്ലാവരെയും ബഹുമാനിക്കാന്‍ മാത്രമേ പഠിപ്പിക്കുകയുള്ളൂ. അതു കൊണ്ടുതന്നെ ഉറപ്പിച്ചു പറയാം, അവര്‍ അദ്ദേഹത്തിന്റെ മുഖത്ത് കരി ഓയില്‍ എറിയും. അദ്ദേഹത്തെ തെരുവില്‍ അടിച്ചുവീഴ്ത്തും. സ്വാമി വിവേകാനന്ദന്‍ എല്ലായ്പ്പോഴും മാനുഷികതയ്ക്കാണ് വില കല്പിച്ചിരുന്നത്.' തരൂര്‍ പറഞ്ഞു.
അതേസമയം, മോദി ഹിറ്റ്‌ലറിനെ പോലെ ഏകാധിപതിയാണെന്നും തനിക്കെതിരെയുണ്ടായ ആക്രമണം സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ആണെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. വസുദൈവക കുടുംബകത്തെപ്പറ്റി താനുമായി തുറന്ന സംവാദത്തിന് തയ്യാറാണോ എന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ വെല്ലുവളിക്കുകയും ചെയ്തു സ്വാമി അഗ്നിവേശ്. കഴിഞ്ഞ ജൂലൈ 17നാണ് ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ചാണ് സ്വാമി അഗ്‌നിവേശിനെ സംഘപരിവാര്‍ ആക്രമിച്ചത്. ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
ശശി തരൂരിനെതിരേയും സംഘപരിവാറും ബിജെപി നേതൃത്വവും നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപി 2019 തിരഞ്ഞെടുപ്പു ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാ'നാകും എന്ന പരമര്‍ശത്തെത്തുടര്‍ന്ന് വലിയ അതിക്രമങ്ങളാണ് അദ്ദേഹത്തിനു നേരെ ഉണ്ടായത്. തരൂരിന്റെ മാപ്പ് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയെങ്കിലും തരൂര്‍ പ്രസ്താവനയില്‍ നിന്നും പിന്നോട്ട് പോകാന്‍ കൂട്ടാക്കിയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.