കൊച്ചി: പെന്റാ മേനക എന്നു കേൾക്കുമ്പോൾ കൊച്ചിക്കാർക്ക് ഓർമ വരിക, മൊബൈൽ ഫോണുകൾ വാങ്ങാനും നന്നാക്കാനും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങിക്കാനുമൊക്കെയായി ആളുകൾ കൂട്ടംകൂട്ടമായി എത്തുന്ന നഗരഹൃദയത്തിലെ ഒരുകൂട്ടം കടകളുടെ സമുച്ചയമാണ്. എന്നാൽ ഇനി ആ കാഴ്ചകൾക്കപ്പുറം മനുഷ്യത്വത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും പേരിൽ കൂടിയാവും മലയാളികൾ പെന്റ മേനകയെ ഓർക്കുക.

ലോക്ക്‌ഡൗൺ കാലം വരുത്തിവെച്ച നഷ്ടങ്ങൾക്കിടയിലും റമദാൻ മാസത്തിൽ കനിവിന്റെ കൈകൾ നീട്ടി മാതൃകയാവുകയാണ് പെന്റ മേനകയിലെ വ്യാപാരികൾ. കോവിഡ്-19 പ്രതിസന്ധിയിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സംസ്ഥാനത്തേക്ക് മടങ്ങി വരാൻ കഴിയാത്ത പ്രവാസികൾക്കായി പ്രത്യേക വിമാനം ചാർട്ടർ ചെയ്യാന്‍ തയ്യാറാണെന്ന് അറിയിചിരിക്കുകയാണ്  കൊച്ചിയിലെ പെന്റ മേനക ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികളുടെ സംഘടന. ഇതിനായി 25 ലക്ഷം രൂപയോളം സമാഹരിച്ചു നൽകാനും വ്യാപാരികൾ തീരുമാനിച്ചു.

വെള്ളിയാഴ്ച ചേർന്ന പെന്റാ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ യോഗത്തിലാണ് ദുബായില്‍ നിന്നു വിമാനം ചാർട്ടർ ചെയ്യാന്‍ ധാരണയായത്. ടിക്കറ്റ് എടുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത നിരവധി പേർ ദുബായിൽ ഉള്ള ഇന്ത്യൻ കോൺസിലേറ്റിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനാലാണ് ഇത്തരമൊരു ഉദ്ധ്യമത്തിനായി മുന്നിട്ടിറങ്ങുന്നതെന്നും അസോസിയേഷൻ വ്യക്തമാക്കി. ഇതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

എറണാകുളം മറൈന്‍ ഡ്രൈവിലെ പെന്റാ മേനക ഷോപ്പിങ് കോംപ്ലക്സില്‍ ആയിരത്തിലധികം പേര്‍ ജോലിചെയ്യുന്നുണ്ട്. 265 കടകളാണു കോംപ്ലക്സിലുള്ളത്. ഇതില്‍ 80 ശതമാനത്തോളവും മൊബൈല്‍ ഷോപ്പുകളാണ്. എറണാകുളത്തെ ആദ്യകാല തിയേറ്ററുകളിൽ ഒന്നായ ‘മേനക’ തിയേറ്റർ ഇരുന്ന സ്ഥലമാണ് പിന്നീട് പെന്റ മേനകയായി മാറിയത്.

ഗൾഫിൽ നിന്നും ജോലി നഷ്ടപ്പെട്ട് എത്തിയവരെയും ഒരു ജീവിതകാലം മുഴുവൻ മണലാരണ്യത്തിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നിക്ഷേപിച്ച് വ്യാപാരം തുടങ്ങിയവരുമായ നിരവധി വ്യാപാരികളെ പെന്റ മേനകയിൽ കണ്ടെത്താം. ലോക്ക്‌ഡൗൺ കാലം മറ്റെല്ലാ വ്യവസായത്തെയും പോലെ, പെന്റ മേനകയിലെ കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തങ്ങളുടെ നഷ്ടങ്ങൾക്കിടയിലും ഗൾഫിൽ നിന്നും നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വേദനകൾക്കും കഷ്ടപ്പാടുകൾക്കും സാന്ത്വനമാവാൻ തയ്യാറാവുകയാണ് ഈ വ്യാപാരികൾ.

Read More | 100-ാം ദിനം കേരളം കര്‍വ് നിവര്‍ത്തി; നടുനിവര്‍ത്താന്‍ സമയമായില്ല

ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്ത് ദുബായില്‍നിന്ന് യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള മുഴുവന്‍ ചെലവുകളും വഹിക്കാമെന്ന് അവിടുത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചതായി പെന്റ മേനക ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി യാസിര്‍ അറാഫത്ത് ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

”അസോസിയേഷനുമായി ബന്ധപ്പെട്ട ആള്‍ ദുബായ് കോണ്‍സുലേറ്റ് അധികൃതരെ നേരിട്ടുപോയി കാണുന്നുണ്ട്. നാട്ടിലേക്കു വരാനുള്ള ടിക്കറ്റിനു പണമില്ലാതെ നിരവധി പേര്‍ കോണ്‍സുലേറ്റിനെ ബന്ധപ്പെട്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഈ വാഗ്ദാനം മുന്നോട്ടുവച്ചത്. കോണ്‍സുലേറ്റ് അധികൃതര്‍ എയര്‍ ഇന്ത്യയക്ക് കത്തു തരും. തുടര്‍ന്ന് വിമാനം ചാർട്ടർ ചെയ്യുന്നതിന്റെ തുക മുഖ്യമന്ത്രി വഴി എയര്‍ ഇന്ത്യയ്ക്കു കൈമാറും,” യാസിര്‍ അറാഫത്ത് പറഞ്ഞു.

മുന്‍ഗണന തീരുമാനിക്കുന്നതു കോണ്‍സുലേറ്റ്

ഇരുന്നൂറില്‍ താഴെ യാത്രക്കാരുള്ള വിമാനമാണ് അസോസിയേഷന്‍ ചാർട്ടർ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതിനു 25 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണു പ്രതീക്ഷിക്കുന്നത്. ആരെയൊക്കെ കൊണ്ടുവരണമെന്ന കാര്യത്തില്‍ അസോസിയേഷന്‍ ഇടപെടില്ല. അത് തീരുമാനിക്കുന്നതു കോണ്‍സുലേറ്റായിരിക്കുമെന്നു യാസിര്‍ പറഞ്ഞു.

”കേരളത്തിലേക്കു കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരുമെന്ന വിശ്വാസമുണ്ട്. അതിനുള്ള പ്രചോദനമാകുകയാണു തങ്ങളുടെ ലക്ഷ്യം. മറ്റൊരു ചാര്‍ട്ടേഡ് വിമാനത്തിനു പണം മുടക്കാനായി എറണാകുളത്തെ ചിലര്‍ തയാറായി വന്നിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ പത്തോ അന്‍പതോ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യിക്കാനുള്ള മുന്‍കൈയാണു തങ്ങള്‍ എടുക്കുന്നത്,” യാസിര്‍ അറാഫത്ത് പറഞ്ഞു.

Read More | വീ ആര്‍ ഗോയിംഗ് ഹോം: ചരിത്രദൗത്യം നിര്‍വ്വഹിച്ച വിമാനത്തിലെ അനൗണ്‍സ്മെന്റ് കേള്‍ക്കാം

നിലവിൽ 15,000 രൂപയാണ് യുഎഇയിലെ ദുബായ്, അബുദബി വിമാനത്താവളങ്ങളിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. മേയ് ഏഴ്, എട്ട് തീയതികളിലായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാല് വിമാനങ്ങൾ സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തി. അബുദബിയിൽനിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുമായിരുന്നു ആദ്യ ദിനത്തിലെ വിമാനങ്ങൾ. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുമായിരുന്നു രണ്ടാം ദിവസത്തെ വിമാനങ്ങൾ.

Read More | പ്രതിദിനം 2 ജിബി, 336 ദിവസത്തേക്കുള്ള പുതിയ പ്ലാനുമായി ജിയോ

പ്രളയകാലത്ത് തന്റെ തുണിക്കടയിലെ മുഴുവൻ സ്റ്റോക്കും ദുരിതമനുഭവിക്കുന്നവർക്ക് നൽകിയ നൗഷാദിന്റെ കടയും പെന്റ മേനകയുടെ തൊട്ടു പിന്നിലാണ്. ഇതെല്ലാം നൽകിയാൽ നിങ്ങളെങ്ങനെ ജീവിക്കുന്നും എന്ന ചോദിച്ചവരോട്, അതിനുള്ളത് പടച്ചവൻ തരും എന്നായിരുന്നു നൗഷാദ് പറഞ്ഞത്. ഈ റമസാൻ മാസത്തിൽ ഉള്ളതിന്റെ ഒരു പങ്ക് ദുരിതമനുഭവിക്കുന്നവർക്കായി ദാനം ചെയ്ത് നൗഷാദിനെ പോലെ ഈ വ്യാപാരികളും കരുണയുടെ പര്യായമായി മാറുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.