കൊച്ചി: എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലീഗ്. ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇസ്‌ലാമിന്റെ പേരില്‍ കലാപം നടത്തുന്നവരുമായുളള രാഷ്ട്രീയ സഖ്യം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ‘ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കാനാവില്ല. ഇത്തരക്കാര്‍ സമുദായത്തിന് ചീത്തപ്പേര് ഉണ്ടാക്കുകയാണ്. ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇവരുമായുളള രാഷ്ട്രീയസഖ്യം അപകടകരമാണ്’, ഇടി പറഞ്ഞു.

‘മുസ്‌ലിം സമുദായം സമാധാനത്തിന് വേണ്ടി പരിശ്രമിക്കുന്ന മതമാണ്. മതത്തിന്റെ പേരില്‍ കേരളത്തിലായാലും ഇന്ത്യയിലായാലും പുറത്തായും കലാപം ഉണ്ടാക്കുകയല്ല വേണ്ടത്. സമാധാനം ഉണ്ടാക്കുന്നതിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ മുസ്‌ലിം ലീഗ് എതിര്‍ത്തിട്ടുണ്ട്. ഇവര്‍ക്കൊന്നും ഇസ്‌ലാമുമായി ബന്ധമില്ല. ഏത് പാര്‍ട്ടിയായാലും കലാപം ഉണ്ടാക്കുകയും കൊലപാതകം നടത്തുകയും ചെയ്യരുത്. അത്തരം സംഘടനകളെ വേണ്ടി വന്നാല്‍ നിരോധിക്കണം’, ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ- കാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും സഹായം ചെയ്‌തതായി പൊലീസ് പറഞ്ഞു. അഭിമന്യുവിനെ കൊലപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഭിമന്യുവിനേയും അര്‍ജുനേയും കുത്തിയ ആളെയാണ് തിരിച്ചറിഞ്ഞത്. അഭിമന്യുവിനെ കുത്തിയത് പ്രൊഫഷണല്‍ കൊലയാളിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിന് മാത്രം ഉപയോഗിക്കുന്ന കത്തികൊണ്ടുള്ള മുറിവ് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കിയതായും പൊലീസ് പറഞ്ഞു. ഹൃദയത്തിനേറ്റ മുറിവാണ് അഭിമന്യു തല്‍ക്ഷണം മരിക്കാന്‍ കാരണമായത്. പരിശീലനം കിട്ടിയ ഒരാള്‍ക്ക് മാത്രമേ ഇത്രയും കൃത്യതയോടെ മുറിവേല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.