കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. മുന്നാഴ്ചക്കകം തെറ്റ് തിരുത്തി നൽകണം എന്നാണ് നിർദേശം.
സർട്ടിഫിക്കറ്റിലെ തീയതിയും വാക്സിൻ കേന്ദ്രവും തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി കെ.പി.ജോണും ഭാര്യ സാലിയും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
പിഴവ് സംബന്ധിച്ച് അന്വേഷണം നടത്താൻ കോടതി നിർദേശം നൽകിയിരുന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും തിരുത്താൻ നടപടി എടുക്കുന്നുണ്ടെന്നും ഡിഎംഒ അറിയിച്ചു. രണ്ടാം ഡോസ് സർട്ടിഫിക്കറ്റിൽ തീയതിയും വാക്സിൻ കേന്ദ്രവും മാറിപ്പോയെന്നായിരുന്നു പരാതി.
Also Read: അലി അക്ബർ ബിജെപിയിലെ സ്ഥാനങ്ങൾ ഒഴിഞ്ഞു; ‘പക്ഷങ്ങളില്ലാതെ മുന്നോട്ട് പോവും’
രണ്ടാം ഡോസ് ഏപ്രിൽ മാസത്തിൽ ആലുവയിലാണ് എടുത്തതെന്നും എന്നാൽ സർട്ടിഫിക്കറ്റിൽ ജൂലൈയിൽ എറണാകുളത്ത് എടുത്തെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഹർജിയിൽ വ്യക്തമാക്കി. സർട്ടിഫിക്കറ്റിലെ പിഴവ് വിദേശത്തുള്ള മക്കളെ സന്ദർശിക്കാൻ തടസ്സമാവുന്നുണ്ടെന്നും ബോധിപ്പിച്ചു.