കൊച്ചി: ഏരൂരിൽ വീടുകളുടെ ജനാലയിൽ കറുത്ത സ്റ്റിക്കർ പതിച്ച സംഭവത്തിൽ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്. മോഷ്ടാക്കളുടെ സംഘങ്ങൾ വിവരങ്ങൾ പരസ്പരം കൈമാറാൻ ഉപയോഗിക്കുന്ന വഴിയാണ് ഇതെന്ന് കരുതിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം ആരംഭിച്ച് ഒരു മണിക്കൂർ തികയും മുൻപേ പ്രതികൾ കുറ്റസമ്മതം നടത്തിയതാണ് പൊലീസിനെ ഞെട്ടിച്ചത്.

ഇതര സംസ്ഥാന തൊഴിലാളികളായ വൻ സംഘങ്ങൾ മോഷണം നടത്തുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഏരൂരിൽ കഴിഞ്ഞ ഡിസംബറിൽ വീട്ടുകാരെ കെട്ടിയിട്ട് 54 പവൻ കവർന്ന സംഭവവും ഉണ്ടായി. ഇതിനു പിന്നാലെയാണ് ലേബർ ജംങ്ഷൻ, സുവർണ നഗർ, പിഷാരടി കോവിൽ റോഡ് എന്നിവിടങ്ങളിൽ മൂന്ന് വീടുകളിലെ ജനലിൽ സ്റ്റിക്കറുകൾ പതിച്ചതായി കണ്ടെത്തിയത്.

സ്റ്റിക്കറുകൾ കണ്ടെത്തിയ സംഭവത്തിന് പിന്നിലും മോഷ്ടാക്കളാവുമെന്നാണ് ആദ്യം കരുതിയത്. സംഭവം ഏഷ്യാനെറ്റ് ന്യൂസിൽ വാർത്തയാവുകയും വീട്ടുകാരെല്ലാം പൊലീസിനെ സമീപിക്കുകയും ചെയ്തതോടെയാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്.

തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ ഘടിപ്പിക്കുന്ന സ്ഥാപനം തങ്ങളുടെ പ്രചാരത്തിനായി ഉപയോഗിച്ചതായിരുന്നു ഈ വഴി. ആദ്യം സ്റ്റിക്കറുകൾ പതിച്ച ശേഷം ഇവിടങ്ങളിൽ എത്തി വീട്ടുകാരെ ബോധവത്കരിച്ച് സിസിടിവി ക്യാമറകളുടെ ആവശ്യകത ബോധ്യപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

‘സ്റ്റിക്കർ പതിപ്പിച്ചതിനുപിന്നിൽ മോഷണം ശ്രമം ആയിരുന്നില്ല. ഏരൂരിലെ മോഷണകേസുമായി അതിന് യാതൊരു ബന്ധവുമില്ലായിരുന്നു. കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ തൃപ്പൂണിത്തുറയിലെ ഒരു സിസിടിവി സ്ഥാപന മേധാവി വീട്ടുകാരെ കണ്ട് കാര്യം പറഞ്ഞു. അവർ പരാതി പിൻവലിക്കുകയും ചെയ്തു’, തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. സംഭവം വിവാദമായതോടെ സിസിടിവി സ്ഥാപനത്തിന്റെ പ്രതിനിധികൾ മൂന്ന് വീട്ടുകാരെയും നേരിൽ കണ്ട് കാര്യം പറയുകയായിരുന്നു.

സംഭവം പുറത്തായതോടെ സിസിടിവി സ്ഥാപന ഉടമകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം മേലിൽ ഇത്തരം യാതൊരു പ്രവൃത്തിയും ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയാണ് വിട്ടത്.

തിരുവനന്തപുരത്ത് അമ്പലമുക്കിലും കാസർകോട് ജില്ലയിലെ പൈക്കയിലും സമാനമായ രീതിയിൽ സ്റ്റിക്കറുകൾ പതിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ രാജസ്ഥാനിൽ നിന്നും മുംബൈയിൽ നിന്നും മോഷ്ടാക്കൾ വന്ന് തമ്പടിച്ചെന്നും വാർത്ത പരന്നതാണ്. എന്നാൽ ഇത്തരത്തിലുളള എല്ലാ പ്രചാരണങ്ങളെയും കാസർകോട് ജില്ലാ പൊലീസ് മേധാവി തളളിയിരുന്നു.

“വാട്സ് ആപ്പിൽ മോഷണത്തിന്റെ വാർത്ത കണ്ടിട്ടാണ് വീട്ടിൽ പരിശോധന നടത്തിയത്. അപ്പോഴാണ് പുറകുവശത്തേക്ക് തുറക്കുന്ന ജനലിൽ സ്റ്റിക്കർ കണ്ടത്. അടുത്ത വീട്ടുകാർ ഇതറിഞ്ഞ് പരിശോധിച്ചപ്പോൾ അവരുടെ വീട്ടിലും സ്റ്റിക്കർ പതിച്ചിട്ടുണ്ട്. ബദിയഡുക്ക പൊലീസിൽ പരാതി കൊടുത്തു. അവർ വന്നു പരിശോധിച്ചിട്ട് പോയി”, പൈക്ക സ്വദേശി അനിൽകുമാർ ഐഇ മലയാളത്തോട് പറഞ്ഞു.

കാസർകോട് ജില്ലയിൽ ചീമേനിയിലും പെരിയ ബസാറിലും നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഈ സന്ദേശങ്ങൾ പ്രചരിച്ചത്. എന്നാൽ ഇങ്ങിനെ ഒരു സംഘവും എവിടെയും തമ്പടിച്ചിട്ടില്ലെന്നാണ് ജില്ല പൊലീസ് മേധാവി കെ.ജി.സൈമൺ ഐഇ മലയാളത്തോട് വ്യക്തമാക്കിയത്. അതേസമയം, മൂന്ന് മാസത്തിനിടെ നടന്ന വലിയ മോഷണ കേസുകളിൽ ഒരു തുമ്പും ഉണ്ടാക്കാൻ പൊലീസിന് സാധിച്ചിട്ടുമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ