കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ അമ്പതു നോമ്പിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് പ്രത്യേക പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ സഭയുടെ നിര്‍ദേശം. ഭൂമി വിൽപ്പന കുംഭകോണത്തിൽ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ വിശ്വാസികള്‍ ഉപവസിച്ചു പ്രാര്‍ഥിക്കണമെന്ന് പരോക്ഷമായി പറയുന്ന രീതിയില്‍ സഭ പുറത്തിറക്കിയ സര്‍ക്കുലര്‍ കഴിഞ്ഞ ഞായറാഴ്ച പള്ളികളില്‍ വായിച്ചു.

പ്രാര്‍ഥനാ ദിനം ആചരിക്കണമെന്ന സഭയുടെ നിര്‍ദേശത്തെ ഭൂരിഭാഗം വിശ്വാസികളും ചോദ്യം ചെയ്‌തെന്ന് വൈദികര്‍ തന്നെ തുറന്നു സമ്മതിക്കുന്നു. “ഈശോയുടെ തിരു ഹൃദയത്തിന് പ്രതിഷ്ടിതമായിരിക്കുന്ന നമ്മുടെ അതിരൂപതയെ തിരുഹൃദയ രക്തത്താല്‍ കഴുകി വിശുദ്ധീകരിക്കപ്പെടാന്‍ നമുക്ക് ഒരുമിച്ചു പ്രാര്‍ഥിക്കുകയും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യാം. ഈ ഉദ്ദേശകാര്യ സാധ്യത്തിനായി നമ്മുടെ അതിരൂപതയില്‍ നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച നമുക്ക് പ്രത്യേക പ്രാര്‍ഥനാ ദിനമായി ആചരിക്കാം, അന്നേദിവസം എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും ഒരുമണിക്കൂറെങ്കിലും ആരാധന നടത്തുകയും കഴിയുന്നവരെല്ലാം ഉപവസിച്ച് പ്രാര്‍ഥിക്കുകയും ചെയ്യണം. കര്‍ത്താവിന് അസാധ്യായി ഒന്നുമില്ലല്ലോ.’ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നു.

സഭാ നേതൃത്വത്തിന്റെ പിടിപ്പുകേടു കൊണ്ടുണ്ടായ നഷ്ടം പരിഹരിക്കാന്‍ എന്തിനാണ് വിശ്വാസികള്‍ പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്നതെന്ന ചോദ്യമുയര്‍ത്തിയര്‍ത്തിയാണ് പല പള്ളികളിലും വൈദികരെ വിശ്വാസികള്‍ ഉത്തരംമുട്ടിച്ചത്, അനുഭവസ്ഥരായ വൈദികർ തന്നെ പറയുന്നു.

 

ഇതിനിടെ കര്‍ദിനാളിനെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് അയക്കാന്‍ വൈദികര്‍ ഒപ്പുശേഖരണം തുടരുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴില്‍ 458 വൈദികരുള്ളതില്‍ 400 ഓളം പേര്‍ പരാതിയില്‍ ഒപ്പിട്ടു. മറ്റുള്ള വൈദികരുടെ ഒപ്പുകള്‍ കൂടി ശേഖരിച്ച ശേഷം പരാതിയായി മാര്‍പാപ്പയ്ക്ക് അയക്കാനാണ് വൈദികരുടെ തീരുമാനം.

കഴിഞ്ഞയാഴ്ച സീറോ മലബാര്‍ സഭാ സിനഡിന്റെ നിര്‍ദേശപ്രകാരം എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണം കര്‍ദിനാള്‍ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കൈമാറിയിരുന്നു. എന്നാല്‍ ഭരണം മാറിയാല്‍പ്പോരെന്നും ഭൂമി വിവാദത്തില്‍ നടപടിയുണ്ടാകണമെന്നുമാണ് വൈദികരുടെ ആവശ്യം. ഭൂമി വിവാദത്തില്‍ കര്‍ദിനാള്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കര്‍ദിനാള്‍ അംഗീകരിക്കാത്തതും വൈദികരെ രോഷാകുലരാക്കുന്നുണ്ട്. ഇതിനിടെ ഭൂമി വിവാദം പഠിക്കാന്‍ കര്‍ദിനാള്‍ വീണ്ടും അഞ്ചംഗ സംഘത്തെ നിയോഗിച്ചെങ്കിലും ഈ സമിതിയുടെ പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് സഭാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.