കൊച്ചി: എറണാകുളം ടൗൺ നോർത്ത് റയിൽവേ സ്റ്റേഷനിൽ വൻ റയിൽവേ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ഗുഡ്‌സ് തീവണ്ടിയും നിസാമുദ്ദീൻ എക്സ്‌പ്രസും കൂട്ടിയിടിക്കാനുളള സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇരുതീവണ്ടികളും ഒരേ പാളത്തിൽ നേർക്കുനേർ അഭിമുഖമായി നിന്നു.

വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഗുഡ്‌സ് തീവണ്ടി. എറണാകുളത്തേക്ക് വരികയായിരുന്നു നിസാമുദ്ദീൻ എക്സ്‌പ്രസ്. നിസാമുദ്ദീൻ എക്സ്‌പ്രസ് കടന്നുപോകുന്നതിനായി എതിർവശത്ത് നിന്ന് വന്ന ഗുഡ്‌സ് ട്രയിനിന് ചുവപ്പ് സിഗ്നൽ നൽകി. എന്നാൽ എഞ്ചിൻ സിഗ്നൽ മറികടന്ന് മുന്നോട്ട് പോയി. ഇരു തീവണ്ടികളും ഒരേ ട്രാക്കിലായതോടെ വലിയ അപകടത്തിനുളള സാഹചര്യമായിരുന്നു ഉണ്ടായത്. എന്നാൽ നിസാമുദ്ദീൻ എക്സ്‌പ്രസിനെ തൊട്ടു-തൊട്ടില്ലെന്ന നിലയിൽ ഗുഡ്‌സ് തീവണ്ടി നിന്നെന്ന് ദൃക്‌സാക്ഷിയായ ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇതേ തുടർന്ന് ഗുഡ്‌സ് തീവണ്ടിയുടെ എഞ്ചിൻ ഡ്രൈവറെയും ഗാർഡിനെയും മാറ്റി. പകരം രണ്ടു പേർ എത്തിയ ശേഷം ഗുഡ്‌സ് തീവണ്ടി പുറകോട്ടേക്ക് എടുത്തു. ഇതേ തുടർന്ന് രണ്ട് മണിക്കൂറിലേറെ ഇരുവശത്തേക്കും ഉളള തീവണ്ടി ഗതാഗതം സ്തംഭിച്ചു. ഗുഡ്‌സ് ട്രയിനിലെ എഞ്ചിൻ ഡ്രൈവറെയും ഗാർഡിനെയും വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുമെന്നാണ് വിവരം. സംഭവത്തിൽ റയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.

രാത്രി ഒൻപത് മണി കഴിഞ്ഞാണ് ഇരുവശത്തേക്കുമുളള തീവണ്ടി ഗതാഗതം പുനരാരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ