scorecardresearch
Latest News

മാധ്യമപ്രവർത്തകനും സാമൂഹ്യപ്രവർത്തകയ്ക്കും കൊച്ചിയിൽ പൊലീസ് മർദ്ദനം ഏറ്റതായി പരാതി

വെള്ളിയാഴ്ച പുലർച്ചെ കലൂരിൽ ലെനിൻ സെന്ററിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്

മാധ്യമപ്രവർത്തകനും സാമൂഹ്യപ്രവർത്തകയ്ക്കും കൊച്ചിയിൽ പൊലീസ് മർദ്ദനം ഏറ്റതായി പരാതി

കൊച്ചി: മാധ്യമപ്രവർത്തകനും സാമൂഹ്യപ്രവർത്തകയ്ക്കും എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റതായി പരാതി. വെള്ളിയാഴ്ച പുലർച്ചെ റയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോയ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തിയ പൊലീസ് അസഭ്യവർഷം നടത്തിയതായാണ് പരാതി. ഇതിന് ശേഷം മാധ്യമപ്രവർത്തകനായ സുഹൃത്തിനെ വിളിച്ചുവരുത്തിയ ശേഷം മർദ്ദിക്കുകയും ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായും ആരോപണം ഉയർന്നു. എന്നാൽ സംഭവത്തിൽ മാധ്യമപ്രവർത്തകനും സാമൂഹ്യപ്രവർത്തകയും ഉന്നയിക്കുന്ന ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ എറണാകുളം കലൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിന് സമീപത്ത് വച്ചായിരുന്നു സംഭവം. സുഹൃത്തായ പ്രതീഷിന്റെ വീട്ടില്‍ നിന്ന് എറണാകുളം നോർത്ത് റയില്‍വേ സ്റ്റേഷനിലേയ്ക്ക് നടന്ന് പോവുകയായിരുന്ന കോഴിക്കോട് സ്വദേശിനി അമൃതയെയാണ് പൊലീസ് തടഞ്ഞുനിർത്തിയത്. പട്രോളിങ്ങിലായിരുന്ന പൊലീസ് സംഘം അമൃതയെ തടഞ്ഞുവച്ച ശേഷം ചോദ്യങ്ങൾ ചോദിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തെന്നാണ് പരാതി.

പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് പ്രദീഷിനെ ഫോണിൽ ബന്ധപ്പെട്ടതെന്ന് അമൃത പറയുന്നു. പ്രദീഷിനോടും പൊലീസ് കയർത്തതായും മർദ്ദിച്ചതായും ആണ് പരാതി. നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയ ത്രേസ്യ സോസ, മഫ്തി വേഷത്തില്‍ വന്ന പുരുഷ പൊലീസ് എന്നിവർ അമൃതയ്ക്ക് നേരെ ജാതി അധിക്ഷേപം നടത്തിയെന്നും ആരോപണമുണ്ട്.

“ഞാൻ ചെല്ലുമ്പോൾ ബർസ(അമൃത)യെ രണ്ട് വാഹനങ്ങളിലായെത്തിയ ആറോ ഏഴോ പൊലീസുകാർ ചേർന്ന് ചോദ്യം ചെയ്യുകയായിരുന്നു. എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ പൊലീസ് എന്നോടും ചോദ്യങ്ങൾ ചോദിച്ചു. എന്റെ വീട്ടിൽ വന്നതാണെന്നും യൂബറിന് പോവുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയതെന്നും ഞാൻ പറഞ്ഞു. മദ്യപിച്ചത് കൊണ്ടാണ് ഒപ്പം പോകാതിരുന്നത് എന്നും പൊലീസിന് മറുപടി നൽകി”, പ്രതീഷ് പറഞ്ഞു.

“പിന്നീട് ഞങ്ങൾ തമ്മിലുള്ള ബന്ധമെന്തെന്നായിരുന്നു പൊലീസിന് അറിയേണ്ടിയിരുന്നത്. ഫ്രണ്ട്സാണെന്ന് പറഞ്ഞപ്പോൾ വീട്ടുകാർക്കറിയാമോ എന്നായിരുന്നു അവരുടെ ചോദ്യം. ഞങ്ങളിരുവരും പ്രായപൂർത്തിയായവരാണെന്നും ഞങ്ങളുടെ കാര്യങ്ങൾ ഞങ്ങളാണ് തീരുമാനിക്കുന്നതെന്നും ഞാൻ പറഞ്ഞു.”

“ഇതെന്താ സദാചാര പൊലീസിങ്ങാണോ എന്ന എന്റെ ചോദ്യത്തിന് അവരെന്റെ കൈയ്യിൽ കയറി പിടിച്ച് സമീപത്തുണ്ടായിരുന്ന കടമുറിയുടെ ഷട്ടറിനോട് ചേർന്ന് നിർത്തി ഉടൻ തന്നെ കൈയ്യിൽ വിലങ്ങ് വച്ച് ജീപ്പിലേക്ക് തള്ളിക്കയറ്റി. ഇതിനിടയിൽ ഫെയ്സ്ബുക്കിൽ ലൈവ് പോകാൻ ശ്രമിച്ച എന്റെ ഫോൺ അവർ തട്ടിപ്പറിച്ചു. ഇതിന് ശേഷം വണ്ടി പുറപ്പെട്ടപ്പോൾ എന്നെ ഇരുത്തിയ സീറ്റിലേക്ക് വന്ന ശേഷം എന്നെ മർദ്ദിച്ചു.”

“നിങ്ങളെന്നെ പീഡിപ്പിക്കുകയാണെന്ന് ഞാൻ അവരോട് പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഞാനൊരു മാധ്യമപ്രവർത്തകനാണെനും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമെല്ലാം ഞാൻ പറഞ്ഞു. എന്റെ വീട്ടുകാർക്ക് എതിരെയടക്കം അധിക്ഷേപം ചൊരിഞ്ഞു. ഈ സമയത്ത് ന്യൂട്ടന്റെ ലോയുണ്ട്, നിങ്ങളെന്നെ തെറിവിളിക്കുമ്പോൾ ഞാനും അതേ മട്ടിൽ വിളിക്കുമെന്ന് പറഞ്ഞു. ഈ സമയത്തും മർദ്ദനം തുടർന്നു. കൈയ്യിൽ വിലങ്ങണിയിച്ച് തന്നെയാണ് എന്നെയവർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.”

തിരികെ സ്റ്റേഷനിലേക്കും വരുമ്പോൾ താൻ മാവോയിസ്റ്റാണോയെന്ന് പൊലീസുദ്യോഗസ്ഥർ ചോദിച്ചതായി പ്രതീഷ് പറയുന്നു. “നിന്നെയങ്ങ് കൊന്നുകളയും എന്നും അവർ പറഞ്ഞു. സ്റ്റേഷനിലെത്തിയ ശേഷം അടിവസ്ത്രം മാത്രം ഇടീപ്പിച്ച് ലോക്കപ്പിൽ നിർത്തി. വെള്ളം ചോദിച്ചപ്പോൾ തരാൻ വിസമ്മതിച്ചു. ആറ് മണി വരെ ഓരോ പൊലീസുകാരായി വന്ന് മാനസികമായി പീഡിപ്പിച്ചുകൊണ്ടിരുന്നു”, പ്രതീഷ് പറഞ്ഞു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് അമൃതയെ പൊലീസ് വിട്ടയച്ചത്. വീട്ടിൽ നിന്നും മാതാപിതാക്കൾ എത്തിയ ശേഷമായിരുന്നു ഇത്. ഇതിന് ശേഷമാണ് പ്രതീഷിനെ പൊലീസ് വിട്ടയച്ചത്.

അതേസമയം പ്രതീഷിനെ മർദ്ദിച്ചില്ലെന്നും, പൗരാവകാശങ്ങൾ പറഞ്ഞ് പ്രതീഷ് തട്ടിക്കയറുകയും പൊലീസുദ്യോഗസ്ഥനെ തള്ളുകയും ചെയ്തുവെന്നുമാണ് നോർത്ത് പൊലീസ് പറയുന്നത്. “വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ലെനിൻ സെന്ററിന് സമീപത്ത് വച്ച് പെൺകുട്ടി നടന്നുപോകുന്നത് പട്രോളിങ്ങിന് പോയ പൊലീസുകാർ കണ്ടത്. ഒറ്റയ്ക്ക് അസമയത്ത് 20 വയസിലേറെ പ്രായമുള്ള പെൺകുട്ടി നടന്നുപോകുന്നത് കണ്ടത് കൊണ്ടാണ് എവിടേക്ക് പോവുകയാണെന്ന് ചോദിച്ചത്. എന്നാൽ പെൺകുട്ടി മറുപടി നൽകിയില്ല”, ടൗൺ പൊലീസ് എസ്ഐ വിപിൻദാസ് പറഞ്ഞു.

“വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് റയിൽവേ സ്റ്റേഷനിലേക്കാണെന്ന് പറഞ്ഞത്. സംശയകരമായ സാഹചര്യമായതിനാൽ കൺട്രോൾ റൂമിൽ അറിയിച്ചു. ഇതേ തുടർന്ന് വനിത പൊലീസ് സ്റ്റേഷനിൽ നിന്ന് എസ്ഐയും സംഘവും സ്ഥലത്തെത്തി. ഇവർ പെൺകുട്ടിയോട് ചോദിച്ചപ്പോഴാണ് വടകര സ്വദേശിനിയാണെന്നും വീട്ടിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനിലേക്ക് പോവുകയാണെന്നും പറഞ്ഞത്. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു”, പൊലീസ് പറഞ്ഞു.

പ്രതീഷ് സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിയെ അസമയത്ത് ഒറ്റയ്ക്ക് വിട്ടതെന്താണെന്ന് പൊലീസ് ചോദിച്ചതായി വിപിൻ ദാസ് പറഞ്ഞു. “ഒറ്റയ്ക്കാണ് അവൾ വന്നത്, ഒറ്റയ്ക്ക് പോകാനും അറിയാം. നടന്നുപോകുന്നൊരാളെ തടഞ്ഞുനിർത്താൻ നിങ്ങൾക്കെന്താണ് അധികാരം എന്നൊക്കെയാണ് പ്രതീഷ് ചോദിച്ചത്. സദാചാര പോലീസ് കളിക്കേണ്ടെന്ന് ആക്രോശിച്ച് പൊലീസുകാരെ ആക്രമിക്കാൻ ഒരുങ്ങി. ഒരു ഉദ്യോഗസ്ഥനെ തള്ളിമാറ്റി. ഇതേതുടർന്ന് പ്രതീഷിനെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തേണ്ടി വന്നു”, എസ്ഐ പറഞ്ഞു.

പെൺകുട്ടിയെ വനിത പൊലീസ് സ്റ്റേഷനിലേക്ക് അയച്ച ശേഷം പ്രതീഷിനെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയെന്നും പൊലീസ് പറഞ്ഞു. “കൂടിയ അളവിൽ മദ്യപിച്ചതായി കണ്ടത് കൊണ്ടാണ് രാത്രി സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിന് 118 (a) വകുപ്പ് പ്രകാരം കേസെടുത്തിട്ടുമുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ച് വരുത്തിയ ശേഷമാണ് വനിത പൊലീസ് വിട്ടയച്ചതെന്നാണ് വിവരം”, എസ്ഐ പറഞ്ഞു. പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് വൈകിട്ട് 4.30ന് മാധ്യമപ്രവർത്തകർ എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ernakulam town police atrocity against online journalist and social worker in kochi protest