എറണാകുളം: പുത്തൻവേലിക്കരയിൽ 60 കാരിയെ കൊന്നത് ബലാൽസംഗ ശ്രമത്തിനിടെയെന്ന് പ്രതിയുടെ മൊഴി. വീടിന്റെ ഔട്ട്ഹൗസിൽ വാടകയ്ക്ക് താമസിച്ചിരുന്ന അസം സ്വദേശിയായ മുന്നയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പുത്തൻവേലിക്കരയിൽ ഡേവിഡിന്റെ ഭാര്യ മോളിയെയാണ് കൊലപ്പെടുത്തിയത്. മോളിയും മനോദൗർബല്യവുമുളള 32 കാരനായ മകൻ ഡെനിയുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. രാവിലെ മുറിയിൽ രക്തം തളംകെട്ടിക്കിടക്കുന്ന വിവരം ഡെനിയാണ് തൊട്ടടുത്ത വീട്ടുകാരെ അറിയിച്ചത്.

എറണാകുളം റൂറൽ എസ്‌പി എ.വി.ജോർജിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തി. വീടിനോട് ചേർന്ന് ഔട്ട്ഹൗസിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു. രാത്രി ഒന്നരയോടെ മുറിക്കുളളിൽനിന്നും ശബ്ദം കേട്ടതായി മുന്ന എന്ന അസം സ്വദേശി മൊഴി നൽകി. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്.

ബലാൽസംഗ ശ്രമത്തിനിടെ മോളിയെ കൊലപ്പെടുത്തിയെന്ന് പ്രതി മുന്ന മൊഴി നൽകി. 2 വർഷത്തിലേറെയായി മുന്ന ഔട്ട്ഹൗസിൽ താമസിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ