കൊച്ചി: ജയിൽ തടവുകാരുടെ കൈപ്പുണ്യം കൊച്ചി മെട്രോ യാത്രക്കാരുടെ നാവിൽനിന്നു മനസിലേക്കു രുചിമേളമായി ‘കുതിച്ചുപാഞ്ഞ’തോടെ ഫ്രീഡം ഫുഡ് ഫാക്ടറിയുടെ വിൽപ്പന കൗണ്ടർ ഹിറ്റ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനു മുന്നിൽ ആരംഭിച്ച കൗണ്ടറിൽ വൻ വിറ്റുവരവ്. വിഭവങ്ങളിൽ ചപ്പാത്തിക്കാണു കൂടുതൽ ഡിമാൻഡ്. വിൽപ്പനയിൽ ഉണ്ണിയപ്പവും മോശക്കാരനല്ല. ആദ്യ രണ്ടു ദിവസത്തിനുള്ളിൽ വിറ്റുപോയത് 700 പാക്കറ്റ്.
കാക്കനാട്ടെ ജില്ലാ ജയിലിന്റെ വിൽപ്പന കൗണ്ടർ തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ മെട്രോ യാത്രക്കാർ ജയിൽ വിഭവങ്ങളുടെ ഫാനായി മാറിക്കഴിഞ്ഞു. ബിരിയാണിയോ പൊതിച്ചോറോ ചപ്പാത്തിയോ ചിക്കൻ കറിയോ എന്തുമാകട്ടെ കുറഞ്ഞ വിലയിൽ രുചിയാർന്ന വിഭവങ്ങൾ ലഭിക്കുമെന്നതാണു സംരഭത്തിന്റെ വിജയത്തിനു പിന്നിൽ. മെട്രോ യാത്രക്കാർക്കു പുറമേ മറ്റുളളവരും ഭക്ഷണം വാങ്ങാനെത്തുന്നുണ്ട്.
ജനങ്ങൾ കൂടുതലായി എത്തുന്ന പ്രദേശമായതുകൊണ്ടാണ് വിൽപ്പന കൗണ്ടർ മെട്രോ സ്റ്റേഷനു മുന്നിൽ തുടങ്ങിയതെന്ന് അസിസ്റ്റന്റന്റ് പ്രിസണർ ഓഫീസർ കെ.ആർ.കിരൺ പറഞ്ഞു. ജയിൽ വിഭവങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുകയെന്നൊരു ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. മെട്രോ യാത്രക്കാർക്കിടയിൽനിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദിവസവും 20,000 രൂപയുടെ വിറ്റുവരവുണ്ടെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
”ചപ്പാത്തിക്കാണ് കൂടുതൽ ഡിമാൻഡ്. ഓർഡർ ചെയ്തും ഭക്ഷണം വാങ്ങാം. മറ്റു മെട്രോ സ്റ്റേഷനുകളിൽ വിൽപ്പന കൗണ്ടർ തുറക്കാൻ ഉടൻ പദ്ധതിയില്ല. നഗരത്തിലെ നാലാമത്തെ വിൽപ്പനകേന്ദ്രം എറണാകുളം ജില്ലാ കോടതിക്കു മുന്നിൽ ഉടൻ ആരംഭിക്കും. എറണാകുളം നഗരത്തിലെ നാലാമത്തെ കൗണ്ടറാണിത്. ജയിൽ വകുപ്പിനു മുന്നിലും കച്ചേരിപ്പടിയിലുമാണ് മറ്റു കൗണ്ടറുകൾ.”
”രണ്ടു ഷിഫ്റ്റുകളിലായിട്ടാണ് തടവുകാർ ഭക്ഷണം പാകം ചെയ്യുന്നത്. പുലർച്ചെ മൂന്നു മുതൽ ഒൻപതു വരെയും ഒൻപതു മുതൽ വൈകീട്ട് ആറു വരെയുമാണ് ഷിഫ്റ്റ്. 170 രൂപയാണ് തടവുകാരുടെ ഒരു ദിവസത്തെ വേതനം. ട്രെയിനികൾക്ക് 85 രൂപയാണ്. ഫുഡ് യൂണിറ്റിൽനിന്നും കിട്ടുന്ന വരുമാനം സർക്കാരിലേക്കാണ് നൽകുന്നത്. എന്നാൽ ഹാൻഡിക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ വിറ്റുകിട്ടുന്നതിൽനിന്നുളള വരുമാനം തടവുകാർക്ക് നൽകാറുണ്ട്. തിഹാർ ജയിലിൽ തടവുകാർ ജോലി ചെയ്യുന്ന വലിയ ഫുഡ് യൂണിറ്റുണ്ട്. അവിടെനിന്നുളള മാതൃക ഉൾക്കൊണ്ടാണ് കേരളത്തിലും തുടങ്ങിയത് ” കിരൺ പറഞ്ഞു.
ചപ്പാത്തി, ബിരിയാണി, വെജിറ്റബിൾ ബിരിയാണി, പൊതിച്ചോറ്, നെയ്ചോറ്, ചില്ലി ചിക്കൻ, ചിക്കൻ 65, ചില്ലി ഗോബി, മുട്ടക്കറി, വെജിറ്റബിൾ കറി, ചെറുകടി, ചായ, ഉണ്ണിയപ്പം, അച്ചപ്പം എന്നിങ്ങനെ 14 ഭക്ഷ്യോൽപ്പന്നങ്ങളാണ് ഫ്രീഡം ഫുഡ് ഫാക്ടറി വിൽപ്പന കൗണ്ടർ വഴി ലഭിക്കുക. ബിരിയാണിക്ക് 65 രൂപയാണ്. ചില്ലി ചിക്കന്‍ 60 രൂപയും ചിക്കൻ 65 ന് 50 രൂപയുമാണ് വില.
രാവിലെ 10.30 മുതൽ വൈകീട്ട് ആറു വരെയാണ് പ്രവർത്തനം. തുറക്കുമ്പോൾ തന്നെ എല്ലാ വിഭവങ്ങളും ലഭ്യമാണ്. ചിക്കൻ വിഭവങ്ങളെല്ലാം തന്നെ ഉച്ചയ്ക്കു മുൻപ് വിറ്റു തീരാറുണ്ടെന്ന് കൗണ്ടറിലെ ജയിൽ വകുപ്പ് ജീവനക്കാരിയായ സിജി പറഞ്ഞു. ചപ്പാത്തിക്കും ചിക്കൻ ബിരിയാണിക്കുമാണ് ആവശ്യക്കാരേറെ. ഉണ്ണിയപ്പം സ്ഥിരമായി വാങ്ങാനെത്തുന്ന നിരവധി പേരുണ്ടെന്നും അവർ പറഞ്ഞു. ഭക്ഷണ സാധനങ്ങൾക്കു പുറമേ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, മെഴുകുതിരി, കുട, ബൾബ്, ലോഷൻ തുടങ്ങി തടവുകാർ നിർമിക്കുന്ന നിരവധി സാധനങ്ങളും കൗണ്ടറിൽ ലഭിക്കും.
സൊമാറ്റോ ആപ്പിലൂടെ ഓൺലൈൻ വഴിയും ജയിൽ വിഭവങ്ങൾ വാങ്ങാനുളള സൗകര്യം ജയിൽ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ ഒരു മൊബൈൽ യൂണിറ്റുമുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബ്, ജനറല്‍ ആശുപത്രി, ഹൈക്കോര്‍ട്ട് ജങ്ഷന് എന്നിവിടങ്ങളില്‍ എല്ലാ ദിവസവും ഭക്ഷണവുമായി ജയിൽ വകുപ്പിന്റെ വാഹനമെത്തും. രാവിലെ 10 ജയിലില്‍നിന്ന് പുറപ്പെടുന്ന വാഹനം 10.30 ന് വൈറ്റില ഹബ്ബിലും പിന്നാലെ ജനറല്‍ ആശുപത്രിയിലും ഉച്ചയോടെ ഹൈക്കോര്‍ട്ട് ജംങ്ഷനിലുമെത്തും.