കൊച്ചി: എറണാകുളത്ത് ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്പ് എടുത്ത കുഞ്ഞുങ്ങളെ നിരീക്ഷണത്തിലാക്കി. ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ എഴുപതോളം കുഞ്ഞുങ്ങൾക്ക് കുത്തിവയ്പ് എടുത്തിരുന്നു. ഇതേത്തുടർന്നാണ് കുഞ്ഞുങ്ങളേയും മാതാപിതാക്കളേയും നിരീക്ഷണത്തിലാക്കിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഇന്നലെയാണ് കോവിഡ് പരിശോധന ഫലം പോസിറ്റീവായത്. ഇവരുടെ ഭർത്താവിനും കോവിഡ് പോസിറ്റീവാണ്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇരുവരുടെയും സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ട്.
Read Also: പ്രവാസികൾക്ക് ആശ്വാസം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പിപിഇ കിറ്റ് മതി
എറണാകുളം ജില്ലയിൽ ഇന്നലെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറു പേർ രോഗമുക്തി നേടി. ഇന്നലെ 797 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 26 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. നിരീക്ഷണ കാലയളവ് അവസാനിച്ച 581 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12921 ആണ്. ഇതിൽ 11051 പേർ വീടുകളിലും, 388 പേർ കോവിഡ് കെയർ സെന്ററുകളിലും 1482 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 135 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 130 ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.