കൊച്ചി: പെരിയാർ നദിയിലെ വെള്ളം കുപ്പിവെള്ളമാക്കാൻ എറണാകുളം ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നു. പെരിയാറിലെ ശുദ്ധജലം കുപ്പിയിലാക്കി വിതരണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ 45 ലക്ഷം രൂപ വകയിരുത്തി. ആലുവയില്‍ നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കൃഷിത്തോട്ടത്തില്‍ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ച് പെരിയാര്‍ എന്ന പേരില്‍ കുപ്പിവെള്ളം വിപണിയിലെത്തിക്കും.

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 12 രൂപയായിരിക്കും വില. വെള്ളം ഉപയോഗിച്ച ശേഷം കുപ്പി തിരികെ നല്‍കിയാല്‍ രണ്ടു രൂപ തിരികെ നല്‍കും. കുപ്പികള്‍ പരിസരങ്ങളില്‍ വലിച്ചെറിയാതിരിക്കുന്നതിനാണിത്. കുടിവെള്ളത്തിനായി നാട് നെട്ടോട്ടം ഓടുമ്പോൾ ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി ഉപകാരപ്രദമാകുമെന്നാണ് ജനപ്രതിനിധികളുടെ വിലയിരുത്തൽ.

പ്ലാവിന്റെയും ചക്കയുടെയും പ്രാധാന്യവും പെരുമയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വലിയ പദ്ധതിക്കും ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വിവിധ ഫാമുകളില്‍ തയാറാക്കുന്ന പ്ലാവിന്‍ തൈകള്‍ കൃഷിഭവന്‍, കര്‍ഷക ക്ലബുകള്‍, കര്‍ഷക സംഘങ്ങള്‍ എന്നിവിടങ്ങളിലൂടെ വിതരണം ചെയ്യാനാണ് പഞ്ചായത്തിന്റെ പദ്ധതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ