കൊച്ചി: മേയറെ മാറ്റണമെന്ന് ആവര്‍ത്തിച്ച് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. നഗരസഭയിലെ നിലവിലെ സാഹചര്യം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്തു. ജില്ലാ നേതൃത്വത്തിന്റെ വികാരം കെപിസി.സി പ്രസിഡന്റിനെ അറിയിക്കും. നഗരസഭയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി.നേരത്തെ മേയറെ മാറ്റേണ്ടതില്ലെന്ന് കെപിസി.സി പ്രസിഡന്റ് നിലപാടെടുത്തിരുന്നു.

കാലാവധി അവസാനിച്ചാല്‍ മാത്രം സ്ഥാനമൊഴിയുമെന്നാണ് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞിരിക്കുന്നത്. എറണാകുളത്ത് കോണ്‍ഗ്രസിനു ഭൂരിപക്ഷം കുറയാന്‍ കാരണം കോര്‍പ്പറേഷന്‍ ഭരണം പരാജയപ്പെട്ടതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എറണാകുളം എംപി ഹൈബി ഈഡന്‍ അടക്കമുള്ള നേതാക്കള്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെ തുറന്നടിച്ചു. മേയറെ മാറ്റണമെന്ന നിലപാടിലേക്ക് വരെ ഹൈബി ഈഡന്‍ എംപി എത്തിയിരുന്നു.

കോര്‍പറേഷന്‍ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ഉരുക്കുകോട്ടയായ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായത്. പ്രകൃതി ദുരന്തങ്ങളെ പോലും തനിക്കെതിരെയുള്ള വിമര്‍ശനമാക്കി മാറ്റുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നാണ് സൗമിനി ജെയിന്‍ പറയുന്നത്.

നേരത്തെ, ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരസ്യ പ്രസ്താവനകളില്‍ നീരസം രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. നേതാക്കളുടെ പരസ്പരമുള്ള പഴിചാരല്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് ചന്ത അല്ലെന്ന് ഓര്‍ക്കണമെന്നും കെപിസിസി അധ്യക്ഷന്‍ തുറന്നടിച്ചു. തിരഞ്ഞെടുപ്പിലേറ്റ തോല്‍വി ഈ മാസം 30 ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.