scorecardresearch
Latest News

എറണാകുളം ഡിസിസി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍, കാരണം പറയാതെ മുല്ലപ്പള്ളി

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സെക്രട്ടറിക്കെതിരെ കെപിസിസി നടപടി സ്വീകരിച്ചിരിക്കുന്നത്

എറണാകുളം ഡിസിസി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍, കാരണം പറയാതെ മുല്ലപ്പള്ളി

കൊച്ചി: എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി ബി.ജയകുമാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി വിരുദ്ധ നിലപാടിലാണ് ഡിസിസി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍, തക്കതായ കാരണം എന്താണെന്ന് കെപിസിസി അധ്യക്ഷന്‍ വിശദീകരിച്ചിട്ടില്ല. പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ജയകുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് മുല്ലപ്പള്ളി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജയകുമാറിന്റെ പേരില്‍ ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. കുന്നത്തുനാട് എംഎല്‍എ വി.പി.സജീന്ദ്രനെതിരായി ആ വ്യാജ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് വന്നിരുന്നു. ഇതേ തുടര്‍ന്ന് വലിയ വിവാദം ഉടലെടുത്തു. ഇത് ചൂണ്ടിക്കാട്ടി ജയകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Read More: ‘പ്രിയങ്കരം ഈ നിമിഷം’; രമ്യ ഹരിദാസിനെ ചേര്‍ത്ത് നിര്‍ത്തി പ്രിയങ്ക ഗാന്ധി

നടപടിയെടുത്തതിന് പിന്നാലെ ‘ഇത് മൂന്നാമത്തെ പരീക്ഷ’ എന്ന് ജയകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. കൂടാതെ മറ്റൊരു പോസ്റ്റും ഇന്ന് ജയകുമാര്‍ ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ഇത് പാര്‍ട്ടി നേതൃത്വത്തിനെതിരെ പരോക്ഷമായുള്ള വിമര്‍ശനമാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സെക്രട്ടറിക്കെതിരെ കെപിസിസി നടപടി സ്വീകരിച്ചിരിക്കുന്നത്. എറണാകുളം എംഎല്‍എയായ ഹൈബി ഈഡന്‍ ലോക്‌സഭയിലെത്തിയതിനെ തുടര്‍ന്നാണ് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഡിസിസി സെക്രട്ടറിക്കെതിരായ നടപടി.

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ്

എംഎൽഎമാരായ നാല് പേരാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. ഇവർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് (കോന്നി എംഎല്‍എ), എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ (എറണാകുളം എംഎല്‍എ), വടകര ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളധീരന്‍ (വട്ടിയൂര്‍ക്കാവ് എംഎല്‍എ), ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ് (അരൂര്‍ എംഎല്‍എ) എന്നിവരാണ് ലോക്‌സഭയിലേക്ക് എത്തിയിരിക്കുന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വരുന്നതിനാല്‍ എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.

Read More: മത്സരിക്കില്ലെന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം; സുരേന്ദ്രന്റെ സ്ഥാനാർഥിത്വം തള്ളാതെ ബിജെപി

ഈ നാല് സീറ്റുകള്‍ക്ക് പുറമേ രണ്ട് എംഎല്‍എമാര്‍ അന്തരിച്ച മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. കെ.എം.മാണി (യുഡിഎഫ്, കേരളാ കോണ്‍ഗ്രസ് എം) എംഎല്‍എയായിരുന്നു പാലാ നിയോജക മണ്ഡലത്തിലും പി.ബി.അബ്ദുള്‍ റസാഖ് (യുഡിഎഫ്) എംഎല്‍എയായിരുന്ന മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ernakulam dcc secretary suspended from congress party