കൊച്ചി: കോവിഡ്-19 മഹാമാരി സമൂഹവ്യാപനത്തിലേക്ക് കടക്കുമോ എന്ന പേടിയിലാണ് കൊച്ചി നഗരവും എറണാകുളം ജില്ലയും. കലക്‌ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ വിശ്രമമില്ലാത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയും ഉചിതമായ നടപടികൾ സ്വീകരിച്ചും കലക്‌ടർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ്.

Read Also: കൊച്ചിയിൽ വ്യാപക പരിശോധന; സാമൂഹിക അകലം പാലിക്കാത്ത കട അടപ്പിച്ചു

ഇതിനിടയിലാണ് ജില്ലാ കലക്‌ടറെ അഭിനന്ദിച്ച് എറണാകുളം എംപി ഹെെബി ഈഡൻ രംഗത്തെത്തിയത്. കോവിഡ് പ്രതിസന്ധിക്കിടെ ഫെബ്രുവരിയിലാണ് സുഹാസിനു കുഞ്ഞു ജനിക്കുന്നത്. പ്രസവസമയത്ത് ഹോസ്‌പിറ്റലിൽ പോയി ഒരുതവണ കുഞ്ഞിനെ കണ്ടതാണ്. പിന്നീട് ഇതുവരെ സുഹാസ് കുഞ്ഞിനെ കണ്ടിട്ടില്ലെന്നും പേരിടൽ പോലും നീണ്ടുപോകുകയാണെന്നും ഹെെബി പറഞ്ഞു.

കലക്‌ടർ എസ്.സുഹാസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു

ഹെെബി ഈഡൻ എംപിയുടെ കുറിപ്പ് വായിക്കാം

ഈ മഹാമാരികാലത്ത് ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുത്…

എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസിനെക്കുറിച്ചാണ്. കോവിഡ് -19 ആരംഭഘട്ടം മുതൽ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കളക്ടർ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരൽത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിരുന്നു.

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഈ കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലിൽ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അദ്ദേഹം നേരിൽ ചെന്നിട്ട് വേണം കുഞ്ഞിന്റെ പേരിടൽ നടത്താനെന്ന് ഒരിക്കലെപ്പോഴോ പറഞ്ഞതോർക്കുന്നു.

ഈ മഹാമാരിയുമായി ബന്ധപ്പെട്ട നമ്മുടെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും അവരുടെ ജീവിതത്തിലെ എത്ര നല്ല നിമിഷങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകും, നമുക്ക് വേണ്ടി. ഒരിക്കൽ പോലും ഇതൊന്നും ചിന്തിക്കാതെ, മാസ്ക്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ ഇവരെയെല്ലാം വെല്ലുവിളിച്ച് നടക്കുന്ന ഒരു കൂട്ടം ആളുകൾ…

എറണാകുളത്തെ സ്ഥിതി മോശമാവുകയാണ്. നാം ഓരോരുത്തരും വിചാരിച്ചാലേ ഈ മഹാമാരിയെ തടഞ്ഞു നിർത്താനാവൂ.. നമുക്കൊരുമിക്കാം

പ്രിയ കളക്ടർ… ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക.
നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങൾ….

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.