ഭൂമിയിടപാട് സംബന്ധിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഹർജി. എറണാകുളം സിജെഎം കോടതിയിലാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

ഭൂമിയിടപാടിൽ 20 കോടിയുടെ ക്രമക്കേട് നടന്നതായാണ് ഹർജിയിൽ ആരോപിക്കുന്നത്. കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റിസ് പ്രസിഡന്റ് പോളച്ചൻ പുതുപ്പാറയാണ് ഹർജി സമർപ്പിച്ചത്. കേസിൽ കോടതി പിന്നീട് വാദം കേൾക്കും.

ഈ സംഭവത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ നേരത്തേ വത്തിക്കാനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും അദ്ദേഹത്തെ പിന്തുണക്കുന്നവരും കൂടുതൽ പ്രതിരോധത്തിലായി.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങള്‍ വീട്ടാനാണ് രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി സഭാ നിയമ പ്രകാരം വിവിധ വൈദിക സമിതികളില്‍ ചര്‍ച്ച നടത്തുകയും വില്‍പ്പനയ്ക്കായി സമിതിയെ നിയോഗിക്കുകയുമായിരുന്നു. എന്നാല്‍ ഈ ഭൂമി വില്‍പ്പന രൂപതയ്ക്കു വന്‍ നഷ്ടമാണുണ്ടാക്കിയെന്നു തിരിച്ചറിഞ്ഞതോടെയാണ് സംഭവം വിവാദമായതും ഒരു വിഭാഗം വൈദികര്‍ നടപടിയാവശ്യപ്പെട്ടു രംഗത്തെത്തിയതും.

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സഭയുടെ കൈവശമുളള ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു. രൂപതയുടെ കൈവശമുളള അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ സ്ഥലങ്ങൾ 27 കോടി രൂപ വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. വിൽപ്പന കഴിഞ്ഞപ്പോള്‍ ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 റബര്‍ തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവുമാണ് ലഭിച്ചത്. ഭൂമി കൃത്യമായ രീതിയില്‍ ലേലം ചെയ്തു വിറ്റെങ്കില്‍ കുറഞ്ഞത് 70 കോടി രൂപ ലഭിക്കുമായിരുന്നു. എന്നാല്‍ സഭയ്ക്കു ലഭിച്ചത് ആര്‍ക്കും വേണ്ടാത്ത രണ്ടു സ്ഥലങ്ങളും ഒന്‍പതു കോടി രൂപയുമായിരുന്നു. ഇത്തരത്തില്‍ നഷ്ടം വന്നതെന്നാണ് വൈദികരുടെ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook