കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്ണ രാജിനെതിരെ പൊലീസ് കേസ്. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നടപടി.
കേസില്‍ അറസ്റ്റ് വരിക്കാന്‍ താന്‍ തയാറാണെന്ന് കൃഷ്ണരാജ് പ്രതികരിച്ചു. “ഇന്ന് രാത്രിയില്‍ ഒരു യാത്രയിലാണ്. നാളെ ഓഫിസില്‍ ഉണ്ടാകും. അറസ്റ്റ് ചെയ്യേണ്ടവര്‍ക്ക് ചെയ്യാവുന്നതാണ്. ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ദൂതനാണ്. ആദ്യം സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു, പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് അയാളെ വിട്ടയക്കുമെന്ന് പറഞ്ഞു. രണ്ടും നടന്നു. എന്റെ പേരില്‍ കേസെടുക്കുമെന്നും പറഞ്ഞിരുന്നു. അതും ഇപ്പോള്‍ സംഭവിച്ചു,” കൃഷ്ണരാജ് പറഞ്ഞു.
സ്വപ്നയുടെ വെളിപ്പെടുത്തലിന് മുന്‍പ് തന്നെ താന്‍ പരാതിപ്പെട്ടതാണെന്ന് അഭിഭാഷകൻ അനൂപ് വി. ആർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേസിന്റെ എഫ്ഐആറിന്റെ പകര്‍പ്പ് പങ്കുവച്ചുകൊണ്ടാണ് അനൂപിന്റെ പോസ്റ്റ്.
മേയ് 25 നാണ് കൃഷ്ണരാജിന്റെ പോസ്റ്റ്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം കൃഷ്ണ രാജിന് മേല്‍ ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി. ആർ. നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴിയാണ് പരാതി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഹൂറികളെ തേടിയുള്ള തീർത്ഥ യാത്ര. കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് പിണറായി സർക്കാർ ഒരുക്കിയ പ്രത്യേക സർവീസ്. ആട് മേക്കാൻ താല്പര്യം ഉള്ള ആർക്കും കേറാം. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം’ എന്ന കുറിപ്പോടെ ഒരാള്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്ന ചിത്രമാണ് കൃഷ്ണ രാജ് പങ്കുവച്ചത്.
കൃഷ്ണ രാജിന്റെ പോസ്റ്റ് അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ കെഎസ്ആര്‍ടിസി സംഭവത്തിന്റെ വസ്തുതയെന്താണെന്ന് വ്യക്തമാക്കിയിരുന്നു. വിജിലന്‍സ് അന്വേഷണം നടത്തി വ്യക്തത വരുത്തുകയും ചെയ്തു. ഡ്രൈവര്‍ കൃത്യമായി യൂണിഫോം ധരിച്ചിരുന്നെന്നും ഷര്‍ട്ടിന്റെ നീല നിറം ഫൊട്ടോയില്‍ മങ്ങി കണ്ടതാവാമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.
Also Read: കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്‌ജെൻഡറുകൾ കസ്റ്റഡിയിൽ