കൊച്ചി: സദാചാര അക്രമങ്ങളെ ന്യായീകരിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമായി എറണാകുളം സെൻട്രൽ സിഐയും, നടപടി നേരിട്ട പൊലീസുദ്യോഗസ്ഥൻ രാജേഷ് ആദിസൂര്യയും രംഗത്ത്. ശിവസേന അക്രമത്തെ തടയാതിരുന്ന പൊലീസുദ്യോഗസ്ഥരെ ന്യായീകരിച്ചുള്ള പോസ്റ്റുകളാണ് എറണാകുളം സെൻട്രൽ സിഐ യുടെ ഫെയ്സ്ബുക്കിൽ ഉള്ളത്. അതേസമയം സദാചാര അക്രമങ്ങളെ ന്യായീകരിക്കുന്ന മറ്റുള്ളവരുടെ പോസ്റ്റുകൾ സ്വന്തം അക്കൗണ്ടിലേക്ക് ഷെയർ ചെയ്താണ് എആർ ക്യാംപിലേക്ക് സ്ഥലം മാറ്റപ്പെട്ട രാജേഷ് ആദിസൂര്യയും രംഗത്ത് വന്നത്.

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൾസർ സുനിയെ കോടതി മുറിക്ക് അകത്ത് നിന്ന് പിടികൂടിയതിന് പ്രശംസ നേടിയവരാണ് ഇരുവരും. സിഐ അനന്തലാലിന്റെ ഫെയ്സ്ബുക്കിലെ അക്കൗണ്ട് ടാഗ് ചെയ്ത പോസ്റ്റുകൾ നീക്കം ചെയ്യാൻ അദ്ദേഹം മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്ദേഹം തയാറായിട്ടില്ല. എന്നാൽ ആദ്യം സ്വന്തം അക്കൗണ്ടിലേക്ക് ഷെയർ ചെയ്ത സദാചാര പോസ്റ്റുകൾ രാജേഷ് ആദിസൂര്യ പിന്നീട് പിൻവലിച്ചു. ശിവസേനയുടെ അതിക്രമത്തെ ന്യായീകരിച്ചുള്ള പോസ്റ്റും ഇതിലുണ്ടായിരുന്നു.

കെഎസ്‌യു നേതാവ് കെ.വൈ.ഷാജഹാൻ, അനു നാരായണൻ എന്നിവരാണ് എറണാകുളം സെൻട്രൽ സർക്കിൾ ഇൻസ്പെക്ടറെ ടാഗ് ചെയ്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്.  എസ്ഐ വിജയശങ്കർ മികവുറ്റ ഉദ്യോഗസ്ഥനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ രണ്ട് പോസ്റ്റുകളും. എന്നാൽ ഷാജഹാന്റെ പോസ്റ്റിൽ വിജയശങ്കറിന് എതിരായ നടപടി പിൻവലിക്കണമെന്ന ആവശ്യം ഉണ്ട്. സിഐ അനന്തലാലിന്റെ അക്കൗണ്ടിൽ അദ്ദേഹം അനുവദിക്കാത്ത യാതൊരു പോസ്റ്റും പ്രത്യക്ഷപ്പെടുകയില്ല.

അതേസമയം ഫോർട്ട്കൊച്ചി, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലെ ചിത്രങ്ങൾ സഹിതമാണ് സദാചാര അക്രമ അനുകൂല പോസ്റ്റുകൾ രാജേഷ് ആദിസൂര്യ ഷെയർ ചെയ്തത്. ജെനീഷ് ചീരംപള്ളിയുടെ പോസ്റ്റിൽ “സ്വന്തം കുടുംബത്തിലുള്ള ആരെയെങ്കിലും കുട കീഴിൽ കാണുന്പോ തീരും പലരുടെയും സദാചാര പ്രേമം” എന്ന് എഴുതിയിട്ടുണ്ട്.

ഇദ്ദേഹം ഷെയർ ചെയ്ത മറ്റൊരു പോസ്റ്റ് സലാം ഇന്തിയാഗേറ്റ് (Salam IndiyaGate) ചൂട് എന്ന പേരിലുള്ളതാണ്.

” ചൂട്
———
മറൈൻ ഡ്രൈവിലെ
കുട്ടികൾ നിങ്ങളുടെ മക്കൾ.
അവരെ പഠിക്കാൻ വിട്ടതായിരുന്നു…!

മോളുകളിൽ പയ്യന്മാർക്കൊപ്പം കറങ്ങി നടക്കുന്നവൾ,
മറൈൻ ഡ്രൈവിൽ മറക്കുടക്കകത്ത് ചങ്ങാതിക്കു ചൂടുപകരുന്നവൾ നിന്റെ പെങ്ങൾ,
നിന്റെ അനുജൻ,
നിന്റെ പെങ്ങളുടെ ഭാവി വരൻ,
അനുജന്റെ ഭാവി വധു…

സമൂഹം കാവലാണ്
കരുതലാണ്.

IG”

ശിവസേനയുടെ അക്രമത്തെ പൂർണ്ണമായും ശരിവെക്കുന്ന വിധത്തിലാണ് ദീപു മോഹൻ കേരള ടുഡേ എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അഭിപ്രായ പ്രകടനവും രാജേഷ് ആദിസൂര്യ ഷെയർ ചെയ്തത്. പോസ്റ്റിന്റെ പൂർണരൂപം താഴെ..

സദാചാര അക്രമത്തിനെതിരെ ശക്തമായ നിലയിൽ കൊച്ചിയിൽ പ്രതിഷേധം നടന്ന ശേഷവും പൊലീസുദ്യോഗസ്ഥർ തന്നെ കുറ്റക്കാരായ പൊലീസുകാരെ അനുകൂലിച്ച് മുന്നോട്ട് വരുന്നതും, അനുകൂല പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതും സർക്കാരിനെതിരെ ഉള്ള വെല്ലുവിളിയായും പരിഗണിക്കപ്പെടുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ