കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദം പുതിയ വഴിത്തിരിവിലേയ്ക്ക്. കഴിഞ്ഞ ഏതാനും മാസങ്ങളായി പുകഞ്ഞു നിന്ന വിഷയം ഇപ്പോൾ പൊതുവിഷയമായി മാറിക്കഴിഞ്ഞു. സഭയിലെ വൈദിക സമിതിയോഗം മാറ്റിവെയ്ക്കാനുളള സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ തീരുമാനം യോഗം അട്ടിമറിക്കാനുളള നീക്കമായിരുന്നുവെന്ന് ആരോപണം.

സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിശ്വാസികള്‍ തടഞ്ഞുവച്ചുവെന്നത് വൈദികയോഗം മുടക്കാനുള്ള കര്‍ദിനാളിന്റെ തന്ത്രമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ ആരോപിച്ചു. ഇന്ന് നടത്താനിരുന്ന പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ യോഗം മാറ്റിവച്ചതെന്നും കാര്യമായ കാരണങ്ങളില്ലാതെ മാറ്റിവച്ചതെന്നും അവർ പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണം അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ടില്‍ കര്‍ദിനാളിനെതിരേ ഗുരുതര പരാമര്‍ശങ്ങളാണുള്ളതെന്ന് രാവിലെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അല്‍മായര്‍ തടഞ്ഞുവെന്നതിന്റെ പേരില്‍ വൈദിക സമിതി യോഗം മാറ്റിവയ്ക്കുന്നത്. ഇന്ന് നടത്താനിരുന്ന പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ യോഗത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും കര്‍ദിനാളിനെതിരേ വൈദികര്‍ ഒപ്പിട്ടു മാര്‍പാപ്പയ്ക്ക് അയക്കാനിരിക്കുന്ന പരാതിയും ചര്‍ച്ച ചെയ്ത് അംഗീകാരംനല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ യോഗം മുടങ്ങിയതോടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടു ചര്‍ച്ച ചെയ്യുന്നതും പോപ്പിനു പരാതി അയക്കുന്നതും താല്‍ക്കാലികമായി മുടങ്ങി.

എന്നാല്‍ അല്‍മായര്‍ തടഞ്ഞുവച്ചതിനെത്തുടര്‍ന്നു യോഗം മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയാണെന്നാണ് കര്‍ദിനാള്‍ കുറിപ്പിലൂടെ അറിയിച്ചത്. അതേസമയം ഇനി തങ്ങള്‍ പോപ്പിനു നേരിട്ടു പരാതി അയക്കുമെന്നും കര്‍ദിനാളുമായി ഒത്തുപോകാനില്ലെന്നുമാണ് ഇന്നു ചേര്‍ന്ന വൈദികരുടെ അടിയന്തര യോഗത്തില്‍ തീരുമാനമെടുത്തതായാണ് വിവരം. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം ഇന്നത്തെ സംഭവത്തോടെ തെരുവിലേക്കു നീങ്ങുന്നുവെന്നാണ് ഇന്നത്തെ സംഭവങ്ങള്‍ നല്‍കുന്ന സൂചന. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട ആറംഗ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും കര്‍ദിനാളിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ളതായിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ ഭൂമി വാങ്ങിയതാണ് സഭയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. 58 കോടി രൂപ മുടക്കി അങ്കമാലിയില്‍ 25 ഏക്കര്‍ ഭൂമിയാണ് വാങ്ങിയതെങ്കിലും മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയില്ല. ഏതാനും മാസം മുമ്പ് ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു കടം വീട്ടാന്‍ തീരുമാനിക്കുന്നത്. ഈ ഭമി വില്‍പ്പന തീരുമാനമാണ് സഭയുടെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിലേക്കു വിവാദം വളരാനിടയാക്കിയത്.

ഇന്ന് കർദിനാളിനെ തടഞ്ഞുവെന്നതും അദ്ദേഹം വൈദിക സമിതിയോഗം മാറ്റിവച്ചതും വിഷയത്തെ കൂടുതൽ രൂക്ഷമാക്കുമെന്നും ഇത് തെരുവിലെ വിഷയമാക്കി മാറ്റുന്നതായി എന്നും ഒരു വിഭാഗം വൈദികരും അൽമായരും പറയുന്നു.  പൊലീസ് കേസായതും സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല, ഓൺലൈൻ, ടെലിവിഷൻ, പത്ര മാധ്യമങ്ങളിലും വരുന്ന വാർത്തകൾ സഭയുടെ യശസ്സിന് മങ്ങലേൽപ്പിച്ചതായും അവർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ