കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ അധികാരമാറ്റം. ഭരണച്ചുമതല മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനു കൈമാറും. ഭരണ കൈമാറ്റം അറിയിച്ചുകൊണ്ടുളള കര്‍ദിനാളിന്റെ സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും. സീറോ മലബാർ സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് ഭരണ കൈമാറ്റം.

അതിരൂപതയിലെ കാനോനിക സമിതികൾ വിളിച്ചു ചേർക്കുക, അവയിൽ അധ്യക്ഷത വഹിക്കുക തുടങ്ങിയവയെല്ലാം ചെയ്യുന്നത് ഇനി മുതൽ സെബാസ്റ്റ്യൻ എടയന്ത്രമായിരിക്കുമെന്ന് സർക്കുലറിൽ പറയുന്നു. എന്നാൽ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും ആർച്ച് ബിഷപ്പിന്റെ ആലോചനയോടയാരിക്കണം അദ്ദേഹം എടുക്കണ്ടത്. ആവശ്യപ്പെടുമ്പോഴൊക്കെ ദൗത്യനിർവ്വഹണ സംബന്ധമായ റിപ്പോർട്ട് അദ്ദേഹം ആർച്ച് ബിഷപ്പിന് നൽകണമെന്നും സർക്കുലറിൽ പറയുന്നു.

അതിരൂപതയ്ക്ക് വസ്തു വിൽപനയിലൂടെ വലിയ തുക നഷ്ടം വന്നത് ആശങ്ക ഉണർത്തുന്നതാണ്. അതിരൂപതാ കച്ചേരിയുടെയും ആലോചനാ സമിതിയുടെയും ഫിനാൻസ് കൗൺസിലിന്രെയും സാമ്പത്തിക പ്രശ്നകാര്യ കമ്മിറ്റിയുടെയും സഹകരണത്തോടെ അത് വ്യക്തമായി അന്വേഷിച്ച് ഉചിതമായ പരിഹാരം കണ്ടെത്താൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ ചുമതലപ്പെടുത്തിയതായും സർക്കുലറിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ