കൊച്ചി: ഭൂമി വിവാദത്തെ കുറിച്ചുളള നിലപാട് വ്യക്തമാക്കി എറണാകുളം-അങ്കമാലി അപ്പോസ്‌തലിക അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ശേഷമുളള മാർ ജേക്കബ് മനത്തോടത്തിന്റെ ആദ്യ ഇടയലേഖനം.
ഭൂമി വിവാദവുമായി ബന്ധപ്പെട്ട പ്രതിസന്ധി വര്‍ധിപ്പിക്കാന്‍ ആരും ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായുമായാണ് ഇടയലേഖനം. എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ നടക്കുന്ന ഞായറാഴ്‌ച നടക്കുന്ന കുര്‍ബാനയ്‌ക്കിടെയാണ് ഇടയലേഖനം വായിക്കുക.
“ഈ പ്രതിസന്ധിയെ ഒരുവിധത്തിലും സങ്കീര്‍ണമാക്കാതിരിക്കാനും അതിനെ ശാന്തമായി മറി കടക്കാനും നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം. നമ്മുടെ വാക്കുകളെയും പ്രതികരണങ്ങളേയും പ്രവര്‍ത്തനങ്ങളേയും എല്ലാം നമുക്ക് നിയന്ത്രിക്കാം. അനാവശ്യ ചര്‍ച്ചകളും സംസാരങ്ങളും ആരുടെയും ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കട്ടെ. അതുപോലെ തന്നെ വാസ്‌തവമല്ലാത്ത കാര്യങ്ങള്‍ ഒന്നും പ്രചരിപ്പിക്കാതിരിക്കാം, മറ്റാരെല്ലാം എന്തെല്ലാം എഴുതിയാലും പറഞ്ഞാലും നമുക്ക് പ്രകോപിതരാകാതിരിക്കാം.” ഇടയലേഖനം പറയുന്നു.

“മാനസികമായ അകല്‍ച്ച നമ്മുടെ ഇടയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരസ്‌പരം ഗമിച്ച് നമുക്ക് അനുരഞ്ജിതരാകാം. അതിരൂപതയുടെ ഭരണ ചുമതല പ്രത്യേക വിധത്തില്‍ ഞാന്‍ നിര്‍വ്വഹിക്കമ്പോഴും ആലഞ്ചേരി പിതാവ് തന്നെയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത.” ഇടയലേഖനം തുടര്‍ന്ന് പറയുന്നതിങ്ങനെ.
എറണാകുളം-അങ്കമാലി അതിരൂപത ഇപ്പോള്‍ കടന്നു പോകുന്ന രൂക്ഷമായ പ്രതിസന്ധി രമ്യമായി പരിഹരിക്കാനാണ് വത്തിക്കാന്‍ തന്നെ നിയോഗിച്ചിരിക്കുന്നതെന്നും ഇടയലേഖനത്തില്‍ മാര്‍ മനത്തോടത്ത് വ്യക്തമാക്കുന്നു.
“അപ്പസ്‌തോലിക് അഡ്മനിസ്‌ട്രേറ്റര്‍ സേദെ പ്ലേന എന്നാണ് എന്റെ തസ്‌തികയുടെ കാനോനികമായ പേര്. ഒരു രൂപതയുടെ മെത്രാന് തന്റെ അജപാലന നിര്‍വ്വഹണത്തില്‍ പ്രത്യേക തടസങ്ങള്‍ ഉണ്ടായാല്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ താല്‍ക്കാലികമായി നിയമിക്കപ്പെടുന്ന വ്യക്തിയുടെ ഔദ്യോഗിക തസ്‌തികയാണിത്, ഇടയലേഖനത്തില്‍ മാര്‍ മനത്തോടത്ത് വ്യക്തമാക്കുന്നു.

അടുത്ത പത്തുദിവസം താന്‍ നേരത്തേ ഏറ്റെടുത്ത പരിപാടികള്‍ക്കായി വിദേശത്തായിരിക്കുമെന്നും ഈ കാലയളവില്‍ റോമിലെത്തി ചര്‍ച്ച നടത്തുമെന്നും തന്റെ അഭാവത്തില്‍ അതിരൂപതയിലെ ദൈനംദിന കാര്യങ്ങള്‍ നോക്കുക ഫാദര്‍ വര്‍ഗീസ് പൊട്ടയ്‌ക്കലായിരിക്കുമെന്നും ഇടയലേഖനത്തില്‍ മാര്‍ മനത്തോടത്ത് കൂട്ടിച്ചേര്‍ക്കുന്നു.