കൊച്ചി: ഭൂമി വില്‍പ്പന വിവാദം തുടരുന്ന എറണാകുളം അങ്കമാലി അതിരൂപതയില്‍ കടം തീര്‍ക്കാനായി ഭൂമികള്‍ വില്‍ക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ടും തമ്മിലടി മുറുകുന്നു.
നേരത്തെ ഇടനിലക്കാരൻ അതിരൂപതയെയും കർദിനാൾ ജോർജ് മാർ ആലഞ്ചേരിയേയും പറ്റിച്ച് ഭൂമി വിൽപ്പന നഷ്ടമുണ്ടാക്കിയെന്നായിരുന്നു സഭയുടെ നിലപാട്. എന്നാൽ ആ വിഷയത്തിലെ വിവാദം കെട്ടടങ്ങും മുമ്പ് കടലാസ് കമ്പനികൾക്ക് ഭൂമി വിൽക്കാൻ സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ ശ്രമം നടന്നുവെന്നാണ് ആരോപണം. ഇതോടെ കെട്ടടങ്ങി എന്ന വിശ്വസിച്ച ഭൂമി വിവാദം സഭയുടെ ഉളളിൽ നീറിക്കത്തുന്ന വിവാദമായി മാറിക്കഴിഞ്ഞു.
ഏത് നിമിഷവും ഇത് സഭയ്ക്കുളളിൽ വളരെ വലിയ വിവാദമാകുമെന്നാണ് സഭാ നേതൃത്വവുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്. ഈ വിഷയത്തിൽ പരിഹാരം കണ്ടെത്താൻ വൈകുന്തോറും സഭാ വിശ്വാസികളും വൈദികരും സഭാ നേതൃത്വത്തിലുളള വിശ്വാസം നഷ്ടപ്പെടുത്തുകയായിരിക്കും ഫലമെന്ന് അവർ കണക്കുകൂട്ടുന്നു. അതിനാൽ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് പലരും ആവശ്യമുന്നയിച്ചതിനാണ് വൈദികരിലൊരു വിഭാഗം മൗനം പാലിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ വിഷയം അവർ അതിശക്തമായ സാമൂഹിക വിഷയമാക്കി മാറ്റിയേക്കും. ഇതുവരെ സഭയ്ക്കുളളിലെ പ്രശ്നം മാത്രമായി ഒതുക്കിയിരുന്നുവെങ്കിൽ ഇപ്പോൾ അത് മറ്റൊരു അവസ്ഥയിലേക്ക് നയിച്ചേക്കാം എന്ന് അവർ ഭയപ്പെടുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നിലവില്‍ 86 കോടി രൂപയോളം കടബാധ്യതയുണ്ട്. ഇതു തീര്‍ക്കാനായാണ് മറ്റൂരില്‍ മെഡിക്കല്‍ കോളേജിനായി വാങ്ങിയ 23 ഏക്കര്‍ ഭൂമിയും കോട്ടപ്പടിയിലുള്ള 25 ഏക്കര്‍ റബര്‍ തോട്ടവും വില്ക്കാൻ വൈദിക സമിതി പദ്ധതിയിട്ടത്. എന്നാല്‍ കോട്ടപ്പടിയിലെ 25 ഏക്കര്‍ ഭൂമി ബിനാമി കമ്പനികളുടെ പേരില്‍ വാങ്ങാനാണ് സഭാ നേതൃത്വത്തിന്റെ അറിവോടെ ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് അതിരൂപതാ വൈദിക സമിതി ആരോപിക്കുന്നു.
നിലവില്‍ 100 ഏക്കറുള്ള കോട്ടപ്പടിയിലെ റബര്‍ തോട്ടത്തിന്റെ റോഡ് ഫ്രണ്ടേജുള്ള 25 ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ അതിരൂപതയുടെ പേരിലുള്ളത്. ഈ സ്ഥലത്തുകൂടി മാത്രമേ ബാക്കി 75 ഏക്കറിലേക്കു പോകാനാവൂ എന്നതിനാല്‍ കടലാസ് കമ്പനികളുടെ പേരില്‍ ഈ സ്ഥലം ഭീഷണിപ്പെടുത്തി വാങ്ങാന്‍ ശ്രമിക്കുകയാണെന്നാണ് വൈദിക സമിതി പറയുന്നത്. മുപ്പതിനായിരം രൂപ സെന്റിന് വാങ്ങിയ സ്ഥലം ഒരു ലക്ഷത്തിലധികം രൂപ സെന്റിന് എന്ന നിരക്കില്‍ 30 കോടി രൂപയ്ക്ക് വാങ്ങാമെന്ന നിര്‍ദേശവുമായാണ് നാലു കമ്പനികളുടെ പ്രതിനിധികള്‍ വൈദിക സമിതിയെ സമീപിച്ചത്. എന്നാല്‍ വൈദിക സമിതി കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതോടെ ഇവയെല്ലാം കടലാസ് കമ്പനികളാണെന്നു കണ്ടെത്തുകയായിരുന്നു.
ഈ ഭൂമിയിലൂടെ മാത്രമേ ബാക്കി 75 ഏക്കറിലേക്കും റോഡ് സൗകര്യമുള്ളൂ എന്നു മനസിലാക്കിയാണ് ഭൂ മാഫിയ സഭാ നേതൃത്വത്തിന്റെ അറിവോടെ ഈ ഭൂമി വില്ക്കാന് അതിരൂപതയെ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ ഈ ഭൂമി വില്ക്കേണ്ടന്നാണ് ഇപ്പോള്‍ വൈദിക സമിതിയുടെ തീരുമാനം, എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന് പറയുന്നു. എന്നാല്‍ സഹായമെത്രാന്മാരെ ഭീഷണിപ്പെടുത്തി ഏതുവിധേനയും കോട്ടപ്പടിയിലെ ഭൂമി കൈക്കലാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്, അത് അംഗീകരിച്ചുകൊടുക്കാനാവില്ല, അദ്ദേഹം പറയുന്നു.
യേശുവിനെ ഒറ്റിക്കൊടുത്തതിന് കിട്ടിയ 30 വെള്ളിക്കാശുപയോഗിച്ച് യൂദാസ്, വിദേശീയരെ സംസ്കരിക്കാന്‍ കുശവന്റ പറമ്പു വാങ്ങിയെന്നും അത് ഇന്നും രക്തത്തിന്റെ പറമ്പ് എന്ന പേരിൽ അറിയപ്പെടുന്നു. “എറണാകുളം-അങ്കമാലി അതിരൂപതയെ തകര്‍ത്തിട്ടു വാങ്ങിയ ഭൂമിയാണ് കോട്ടപ്പടിയിലേത്. അത് രക്തത്തിന്റെ പറമ്പായി സൂക്ഷിക്കാനാണ് ഞങ്ങളിപ്പോള്‍ ആഗ്രഹിക്കുന്നത്” വൈദികന് പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്റ്റര്‍ കാലയളവില്‍ പ്രസ്താവിച്ചിരുന്നു. കെസിബിസി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കര്‍ദിനാളിനെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ചടങ്ങുകളില്‍ പങ്കെടുത്താല്‍ ബഹിഷ്കരിക്കുമെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം വൈദികര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതേസമയം ഒരു ഇടവേളയ്ക്കു ശേഷം ഭൂമി വിഷയം എറണാകുളം-അങ്കമാലി അതിരൂപതയില്‍ വീണ്ടും നീറിക്കത്തുകയാണ്.