കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തിൽ വൈദിക സമിതി തുറന്ന പോരിലേക്ക്. ഭൂമി വിവാദത്തിൽ അകപ്പെട്ട കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വൈദിക സമിതി നിവേദനം നൽകി. സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനാണ് നിവേദനം സമർപ്പിച്ചത്. പ്രകടനമായെത്തിയാണ് വൈദികർ നിവേദനം നൽകിയത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കുന്നതുവരെ രൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് കർദിനാൾ മാറി നിൽക്കണമെന്നും വിവരങ്ങൾ മാർപ്പാപ്പയെ അറിയിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. ഭൂമിയിടപാടിൽ സിനഡിന്റെ നിലപാട് നിരാശാജനകമാണെന്നും വൈദികർ വ്യക്തമാക്കി.

അതിനിടെ, വിമതരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്തീഡ്രൽ ബസലിക്കായിലും അതിരൂപതാ മെെത്രാസന മന്ദിരത്തിന്റെ മതിലിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വിമത വിഭാഗം വൈദികർക്കെതിരെയാണ് പോസ്റ്റർ.

ഭൂമിയിടപാട് വിവാദത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ രൂക്ഷമായ വിമർശനം ഹൈക്കോടതിയിൽനിന്നും ഉണ്ടായിരുന്നു. കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനം ഉണ്ടായിട്ടും കർദിനാള്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ ആലഞ്ചേരി തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് വൈദികര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷ് പൊതുവ, ഫാ. വടക്കുമ്പാടന്‍, ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നീ നാലുപേര്‍ക്കെതിരേ അന്വേഷണം നടത്താനാണ് ഹൈക്കോടതി നിർദേശിച്ചത്.

കര്‍ദിനാള്‍ രാജാവല്ലെന്നും രാജ്യത്ത് ആരും നിയമത്തിന് അതീതരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കര്‍ദിനാള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണ്. എല്ലാവര്‍ക്കും മുകളിലാണ് രാജ്യത്തെ നിയമം. അതിരൂപതയും രൂപതയുമൊക്കെ രാജ്യത്തെ നിയമങ്ങള്‍ക്ക് കീഴിലാണെന്നും കോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ