കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപയിലെ ഭൂമി വിൽപ്പന വിവാദം പൊലീസ് കേസാകുന്നു. സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് സംബന്ധിച്ചാണ് പരാതി. എറണാകുളം റേജ് ഐജിക്ക് പരാതി നൽകിയത്. വിശ്വാസവഞ്ചനയും അഴിമതിയും നികുതി വെട്ടിപ്പും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞ ഒരു മാസത്തോളമായി സഭയിൽ വിവാദ കൊടുങ്കാറ്റ് ഉയർത്തിയിരിക്കുന്ന ഈ വിഷയം ഇനി സിവിൽ കേസ് മാത്രമല്ല, ക്രിമിനൽ കേസും കൂടെയായി മാറും.

ഭൂമി വിൽപ്പന സംബന്ധിച്ച ക്രമക്കേടുകൾ, സിവിൽ സാമ്പത്തിക വിഷയങ്ങൾ മാത്രമല്ല, ധാർമ്മിക പ്രശ്നം കൂടിയാണിതെന്നായിരുന്നു സഭയിലെ വൈദികരുടെ നിലപാട്. ഇതിനിടയിലാണ് ഈ വിഷയം സംബന്ധിച്ച് പൊലീസിൽ പരാതി നൽകുന്നത്. നാളെ വൈദികരുടെ യോഗം ചേരാനിരിക്കെയാണ് പൊലീസ് കേസായി വിഷയം മാറുന്നത്.  പോളച്ചൻ പുതുപ്പാറ എന്ന ഒരാൾ ആണ് പരാതി നൽകിയിട്ടുളളത്.  നാളെ ചേരുന്ന യോഗത്തോടെ പ്രശ്നം രമ്യമായി പരിഹരിക്കണന്ന വാദം ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. കർദിനാളിനെ പ്രതിക്കൂട്ടിലാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തു വന്നു കഴിഞ്ഞു. സോഷ്യൽ മീഡയിയിലും മറ്റും ഇവർ ഈ ആരോപണത്തെ പ്രതിരോധിക്കാനും കർദിനാളിന് അനുകൂലമായി നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്.

ഭൂമി വിൽപ്പന ഇടപാടുമായി ബന്ധപ്പെട്ട് രൂപം കൊണ്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വിശ്വാസികൾ ഒരു മാസത്തെ ശമ്പളം നൽകിയാൽ മതിയെന്നും സ്വന്തം പിതാവ് കടം വരുത്തിയാൽ അത് തീർക്കാനുളള ബാധ്യത മക്കൾക്കാണെന്നും അതുപോലെ ഈ വിഷയത്തെ കാണണമെന്നുമുളള ആഹ്വാനങ്ങളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഉയർന്നിട്ടുണ്ട്. നിലവിൽ വൈദികരിൽ, അൽമായരിലും ഇരുവിഭാഗങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു. ചങ്ങനാശ്ശേരി, എറണാകുളം രൂപതകൾ തമ്മിലുളള തർക്കമായി ഇത് മാറിത്തീരുമോ എന്ന ആശങ്കയുളളവരും സഭയ്ക്കുളളിൽ ഉണ്ട്. ഭിന്നത ഇത്രയും കടുത്ത സാഹചര്യത്തിൽ വിഷയം ഇനി മുന്നോട്ട് പോകാതെ പരിഹരിക്കണമെന്ന് നിലപാടുളളവരും സഭയ്ക്കുളളിൽ ഉണ്ട്.

ഇതേസമയം, അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്രെ പശ്ചാത്തലത്തിൽ മാർപാപ്പയ്ക്ക് പരാതി നൽകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഒരു വിഭാഗം. പരാതി നൽകിയാൽ മാർപാപ്പ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നും അവർ പറയുന്നു. ഇത്തരം വിഷയങ്ങൾ സാമ്പത്തിക പ്രശ്നമായി ചുരുക്കി കാണാൻ സാധിക്കില്ല. ഇതിൽ ധാർമ്മികതയുടെ പ്രശ്നമുണ്ട്. അതുകൊണ്ടാണ് ഈ വിഷയത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന നിലപാട് സ്വീകരിക്കുന്നതെന്ന് അവർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.