കൊച്ചി: ഭൂമി വിവാദത്തിൽ പ്രതികരണവുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഏതാനും നാളുകൾക്കകം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. താനുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഹരിക്കും. ക്രൈസ്തവർക്കിടയിൽ ഭിന്നതക്ക് സ്ഥാനമില്ലെന്നും ആലഞ്ചേരി പറഞ്ഞു. ഭൂമി വിവാദത്തിൽ ആദ്യമായാണ് ആലഞ്ചേരി പ്രതികരിക്കുന്നത്. സീറോ മലബാർ സഭയിലെ എറണാകുളം- അങ്കമാലി അതിരൂപയിലെ ഭൂമി വിൽപ്പന ഇടപാട് കർദിനാളിന്റെ രഹസ്യ ഇടപാടാണെന്നാണ് ആരോപണം.

അതിനിടെ ഭൂമി വിവാദത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും രണ്ട് വൈദികർക്കുമെതിരെ പളളികളിൽ നോട്ടീസ് വിതരണം. തിന്മയ്ക്കെതിരെയുളള നന്മയുടെ പോരാട്ടമെന്നാണ് ഈ നടപടിയെ നോട്ടീസ് വിശേഷിപ്പിക്കുന്നത്. പുല്ല് പറിച്ചില്ലെങ്കിൽ കാടാകും പാമ്പ് വരും അത് പാമ്പിന്റെ കുറ്റമല്ല, വീട്ടുകാരന്റെ കുറ്റമാണെന്നും നോട്ടീസിൽ ഒളിയമ്പ് എയ്യുന്നുണ്ട്.

എഎംടി എന്ന ചുരുക്കപ്പേരിൽ രൂപീകരിക്കപ്പെട്ടിട്ടുളള ആർച്ച്ഡയോസിയൻ ഫോർ ട്രാൻസ്പേരൻസി എറണാകുളം എന്ന സംഘടനയുടെ പേരിലാണ് നോട്ടീസ്. നാല് വിശ്വാസികളുടെ പേരും ഫോൺ നമ്പരും വച്ചാണ് രണ്ട് പേജുളള ഈ നോട്ടീസ് പുറത്തിറിക്കിയിരിക്കുന്നത്. ഈ നോട്ടീസ് പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് കർദിനാളിൻെറ നിലപാട് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തത്.

notice against cardinal,

കർദിനാർ മാർ ജോർജ് ആലഞ്ചേരിക്കെതിരെയാ നോട്ടീസിന്രെ ഒന്നാം പേജ്

“കാനോനിക സമിതികളിലോ അതിരൂപത കച്ചേരിയിലോ ചർച്ച ചെയ്യാതെയും സഹായ മെത്രാന്മാർ പോലും അറിയാതെയും ആലഞ്ചേരി പിതാവും സ്ഥാപനങ്ങളുടെ ഡയറക്ടർ വടക്കുംപാടനച്ചനും പ്രോക്യൂറേറ്റർ ജോഷി പുതുവനച്ചനും ചേർന്ന് നടത്തിയ രഹസ്യ ഇടപാടായിരുന്ന ഇവ” എന്നാണ് നോട്ടീസിലെ ആരോപണം.

സ്ഥലകച്ചവടത്തിന് ശേഷം നടന്ന സ്ഥലം വാങ്ങലിനെ കുറിച്ചാണ് ഈ പരാമർശം. സ്ഥലക്കച്ചവടത്തിന് ശേഷം നടന്ന സ്ഥലം വാങ്ങൽ സംശയാസ്പദമാണ്. ഇങ്ങനെ നടന്ന രണ്ട് ഭൂമി ഇടപാടുകൾ സഹായമെത്രാന്മാർ പോലും അറിയാതെയാണ് നടന്നതെന്നും അതിന് വേണ്ടി പത്ത് കോടി രൂപ അനധികൃതമായി വായ്പയെടുത്തെന്നും നോട്ടീസിൽ ആരോപിക്കുന്നു.

ഈ ഇടപാടുകൾ മൂലം അതിരൂപത അനുഭവിക്കുന്ന പ്രതിസന്ധി പലതാണ് എന്ന് പറയുന്ന നോട്ടീസിൽ അഞ്ച് പ്രതിസന്ധികൾ അക്കമിട്ട് നിരത്തുന്നു. സാമ്പത്തിക അടിത്തറ തകർന്നു, ഭരണ സംവിധാനങ്ങൾ പരാജയപ്പെട്ടു., സിവിൽ- കാനൻ നിയമങ്ങൾ ലംഘിക്കപ്പെട്ടു, എല്ലാ കാര്യങ്ങളിലെയും സുതാര്യത നഷ്ടപ്പെട്ടു, അതിരൂപതയുടെ ധാർമ്മകിശക്തി നഷ്ടമായി എന്നും പറയുന്നു

notice against cardinal

കർദിനാളിനെതിരായ നോട്ടീസിന്രെ രണ്ടാം പേജ്

ഇത് അധികാരത്തിന് വേണ്ടിയുളള വടംവലിയോ ലിറ്റർജി (അരാധനക്രമങ്ങൾ) തർക്കങ്ങളുടെ ഭാഗമോ അല്ല. തിന്മയ്ക്കെതിരെയുളള നന്മയുടെ പോരാട്ടമാണ്. ഇത് തെറ്റിനെതിരായുളള ശരിയുടെ ചെറുത്ത് നിൽപ്പ്. ഇപ്പോഴെങ്കിലും പ്രതികരിച്ചില്ലെങ്കിൽ വരും തലമുറയ്ക്ക് ഇങ്ങനെ ഒരു അതിരൂപതയെ കുറിച്ച് കേൾക്കാനേ കഴിഞ്ഞില്ലെന്നു വരാം എന്ന് നോട്ടീസിൽ പറുന്നു.

ഇരുട്ടിന്റെ സന്തതിയാണ് കളളത്തരം അഴിമതി അവന്റെ സഹോദരൻ, മുറ്റത്ത് പുല്ല് വളർന്നാൽ പറിച്ച് കളയണം, അല്ലെങ്കിൽ അത് കാടാകും ആ കാട്ടിൽ താമസിക്കാൻ സുഖവും സൗകര്യവും തേടി പാമ്പുകൾ വരും അത് പാമ്പിന്റെ കുഴപ്പമല്ല. അത് പുല്ല് പറിക്കാത്ത വീട്ടുകാരന്റെ കുറ്റമാണെന്നും നോട്ടീസിൽ പറയുന്നു. എല്ലാ കാര്യങ്ങളിലും സുതാര്യതയുളള അതിരൂപതയ്ക്കായി കൈകോർക്കാമെന്ന് പറഞ്ഞാണ് നോട്ടീസ് അവസാനിപ്പിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ