കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന വിവാദം പ്രതിന്ധിയിലാക്കിയ സീറോ മലബാര്‍ സഭയില്‍ കര്‍ദിനാളിനെ പ്രതിസന്ധിയിലാക്കി വീണ്ടും വൈദികരുടെ നീക്കം. എറണാകുളം-അങ്കമാലി രൂപതയിലെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടും വൈദിക സമിതിയുടെ റിപ്പോര്‍ട്ടും മാര്‍പാപ്പയ്ക്ക് നേരിട്ട് അയച്ചുകൊടുത്തതായാണ് വിവരം.

നേരത്തേ ഈ റിപ്പോര്‍ട്ട് അയക്കുന്നതുമായി ബന്ധപ്പെട്ടു വിളിച്ചു ചേര്‍ത്ത പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ കര്‍ദിനാളിനെ ഏതാനും അല്‍മായര്‍ ബന്ദിയാക്കിയെന്ന് പറഞ്ഞ് മാറ്റിവച്ചിരുന്നു. ഇതിനു ശേഷം ചേര്‍ന്ന സീറോ മലബാര്‍ സിനഡ് അടിയന്തര പ്രധാന്യത്തോടെ ഈ വിഷയം ചര്‍ച്ച ചെയ്യുകയും ഭൂമി വിവാദത്തെക്കുറിച്ചു പഠിക്കാന്‍ കോട്ടയം അതിരൂപത മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ നേതൃത്വത്തില്‍ അഞ്ചംഗ മെത്രാന്‍ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

കര്‍ദിനാളിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും സഹായ മെത്രാന്മാര്‍ക്കു കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കാന്‍ സിനഡ് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു ശേഷവും ഭൂമി വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചിട്ടില്ലായെന്ന സൂചന നല്‍കുന്നതാണ് ഇപ്പോള്‍ ഒരു വിഭാഗം വൈദികര്‍ പരാതി റോമിനു നേരിട്ട് അയച്ചുകൊടുത്തുവെന്നത്. കഴിഞ്ഞ ദിവസം മാര്‍പാപ്പയെ വിവരങ്ങള്‍ ധരിപ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ലെന്നും കര്‍ദിനാളിനോട് പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ദിനാള്‍ ഇതിനു തയാറായില്ലെങ്കില്‍ നേരിട്ടു പരാതി അയക്കുമെന്നുമായിരുന്നു ഒരു വിഭാഗം വൈദികര്‍ നിലപാട് വ്യക്തമാക്കിയത്.

ഇതിനു പിന്നാലെയാണ് വൈദിക സമിതി പരാതിയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും നേരിട്ടു റോമിനു കൈമാറിയെന്ന വിവരം പുറത്തായത്. പരാതി ലഭിച്ചതിനു പിന്നാലെ മാര്‍പാപ്പ വിഷയത്തില്‍ അന്വേഷണം തുടങ്ങിയതായാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം കര്‍ദിനാളിനെതിരേ മാര്‍പാപ്പയ്ക്കു പരാതി അയച്ചത് വരും നാളുകളില്‍ ഭൂവിവാദ പ്രശ്‌നം എന്നതിനപ്പുറം സഭയില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്കിടയാക്കിയേക്കും.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രക്ഷാധികാരിയായ സഭാ പ്രസിദ്ധീകരണം സത്യദീപം ഭൂമി വിവാദത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ജനുവരി 17 ന് പുറത്തിറങ്ങിയ വാരികയുടെ എഡിറ്റോറിയലിലാണ് ഭൂമി വിവാദം പരാമര്‍ശിക്കുന്നത്. വൈദികരുടെ ജാഗ്രതമൂലമാണ് ഭൂമി വിവാദം പുറംലോകം അറിഞ്ഞതെന്നു പറയുന്ന എഡിറ്റോറിയല്‍ ഭൂമി വിവാദവുമായി ബന്ധപ്പെട്ട തെറ്റുകള്‍ ഏറ്റുപറയുന്നതാണ് സഭാ നേതൃത്വത്തിനു നല്ലതെന്നും തുറന്നടിക്കുന്നുണ്ട്. ഇതിനു മുന്‍പുള്ള സത്യദീപത്തിലെ കോളത്തില്‍ വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടനും ഭൂമി കുംഭകോണത്തെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു.

നേരത്തെ കപ്പൂച്ചിയൻ സഭ ഡൽഹിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ കറന്ര്സ് എന്ന പ്രസിദ്ധീകരണവും ഭൂമ വിൽപ്പന വിവാദത്തിൽ കർദിനാളിന്രെ നിലപാടിനെതിരെ ലേഖനങ്ങളുമായി രംഗത്തു വന്നു. അതിന്രെ പ്രസിദ്ധീകരണം തടഞ്ഞുവെങ്കിലും പി ഡി എഫ് കോപ്പികൾ വ്യാപകമായി പ്രചരിപ്പിച്ചാണ് എതിർപക്ഷം തിരിച്ചടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ