കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്‌മിനിസ്ട്രേറ്റർ സ്ഥാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. സീറോ മലബാർ സഭ പാലക്കാട് രൂപത ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് ആണ് പുതിയ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ. പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഉത്തരവാദിത്വം അദ്ദേഹം തുടര്‍ന്നും നിര്‍വ്വഹിക്കും.

എറണാകുളം അതിരൂപതാ സെക്രട്ടറി, കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതി സംരക്ഷകന്‍, ബന്ധ സംരക്ഷകന്‍, അതിരൂപതാ ചാന്‍സലര്‍, ആലോചനാസമിതി അംഗം, സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറി, എളമക്കര, ചെമ്പ് പള്ളികളില്‍ വികാരി, ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി അധ്യാപകന്‍ എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്‌ത മാര്‍ ജേക്കബ് മനത്തോടത്ത് 1992 നവംബര്‍ 28 -ന് എറണാകുളം – അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പിന്നീട് 1996 നവംബര്‍ 11 -ന് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. ഇപ്പോള്‍ സിബിസിഐ ഹെല്‍ത്ത് കമ്മീഷന്‍ മെംബര്‍, സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും ശുശ്രൂഷ ചെയ്‌തുവരുന്നു.

ഭൂമി വിവാദത്തെ തുടർന്ന് ഭരണച്ചുമതല മാർ ജോർജ് ആലഞ്ചേരിയിൽനിന്നും മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനു താൽക്കാലികമായി കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ നീക്കി പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. മാർപാപ്പയാണ് നിയമനം നടത്തിയത്. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കും നിര്‍വഹിക്കുന്നത്. അതേസഭയം, സീറോ മലബാർ സഭ അധ്യക്ഷ സ്ഥാനത്ത് ആലഞ്ചേരി തുടരും.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങള്‍ വീട്ടാനാണ് രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി സഭാ നിയമ പ്രകാരം വിവിധ വൈദിക സമിതികളില്‍ ചര്‍ച്ച നടത്തുകയും വില്‍പ്പനയ്‌ക്കായി സമിതിയെ നിയോഗിക്കുകയുമായിരുന്നു. എന്നാല്‍ ഈ ഭൂമി വില്‍പ്പന രൂപതയ്‌ക്കു വന്‍ നഷ്‌ടമാണുണ്ടാക്കിയെന്നു തിരിച്ചറിഞ്ഞതോടെയാണ് സംഭവം വിവാദമായതും ഒരു വിഭാഗം വൈദികര്‍ നടപടിയാവശ്യപ്പെട്ടു രംഗത്തെത്തിയതും.

Read More: ഭൂമി വിൽപ്പനയിൽ വിവാദം വിതച്ച് പ്രതിസന്ധി കൊയ്ത് സീറോ മലബാർ സഭ

കുറച്ചുകാലം മുമ്പാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്. തുടക്കത്തില്‍ തന്നെ ഭൂരിഭാഗം വൈദികരും എതിര്‍ത്തെങ്കിലും ഇതു വകവയ്‌ക്കാതെയാണ് 58 കോടി രൂപ മുടക്കി അങ്കമാലിയില്‍ 25 ഏക്കര്‍ ഭൂമി വാങ്ങിയത. എന്നാല്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയില്ല. മെഡിക്കല്‍ കോളജിന് ഭൂമി വാങ്ങിയ ഇനത്തിലുള്ള 60 കോടിയുടെ പലിശയായി വര്‍ഷം ആറു കോടി രൂപയാണ് സഭ അടയ്‌‌ക്കുന്നത്.

ഇതോടെ വൈദിക സമിതി യോഗത്തിൽ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു കടം വീട്ടാന്‍ തീരുമാനിച്ചു. ഇതിനായി എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്, തൃക്കാക്കര കൊല്ലംകുടിമുകളിലുള്ള ഒരേക്കര്‍ (ഇത് 14 പ്ലോട്ടുകളായി തിരിച്ചു), എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. സെന്റിന് 950000 രൂപ വീതം മൊത്തം 27 കോടിക്കു വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ആധാരം കഴിഞ്ഞപ്പോള്‍ ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്‌ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 റബര്‍ തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവുമാണ് ലഭിച്ചത്.

Read More: ‘ഭൂമി വാങ്ങാനെത്തിയത് കടലാസ് കമ്പനികൾ’ എറണാകുളം -അങ്കമാലി അതിരൂപതയിൽ വീണ്ടും വിവാദം

27 കോടി രൂപയ്ക്കു വില്‍ക്കാന്‍ തീരുമാനിച്ച ഭൂമി ഒമ്പത് കോടി രൂപ ലഭിച്ചതോടെ കര്‍ദിനാള്‍ ആധാരങ്ങളില്‍ ഒപ്പിട്ടു നല്‍കുകയായിരുന്നു. ബാക്കി തുകയ്‌ക്കു ഭൂമി വാങ്ങിയയാള്‍ ഈടായി പൂയംകുട്ടി വനത്തിനു സമീപമുള്ള ഭൂമിയും കോതമംഗലത്തുള്ള ഭൂമിയും സഭയുടെ പേരില്‍ നല്‍കുകയും ചെയ്‌തു. എന്നാല്‍ ഈടായി നല്‍കിയ ഭൂമി ആര്‍ക്കും വേണ്ടാത്ത വസ്‌തുവാണെന്നും നഗര ഹൃദയത്തിലുള്ള ഭൂമി വിറ്റ് വനത്തിനു സമീപത്തുള്ള പരിസ്ഥിതി ലോല മേഖലയിലുള്ള ഭൂമി വാങ്ങിയത് രൂപതയെ കബളിപ്പിച്ചതാണെന്നും ഇതിനു നേതൃത്വം കൂട്ടുനിന്നുവെന്നും ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.