കൊച്ചി: ഭൂമി വിവാദത്തില്‍ പ്രതിസന്ധിയിലായ സീറോ മലബാര്‍ സഭയില്‍ വിമത വൈദികര്‍ക്കെതിരേ നടപടി വരുമെന്നു സൂചന. എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ മാര്‍ ജേക്കബ് മനത്തോടത്ത് വിദേശത്തു നിന്നും തിരികെയെത്തിയാലുടന്‍ ഭൂമി വിവാദം പുറംലോകത്തിനു മുന്നിലെത്തിച്ച വൈദികര്‍ക്കതിരേ സസ്‌പെന്‍ഷനും ട്രാന്‍സ്ഫറും ഉള്‍പ്പടെയുള്ള നടപടികള്‍ വരുമെന്നാണ് സൂചന. അഞ്ച് മുതിർന്ന വൈദികർക്കെതിരെ നടപടിയെടുക്കാനാണ് നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം.

എറണാകുളം-അങ്കമാലി അതിരൂപതയിലെ മുതിര്‍ന്ന വൈദികരായ ഫാ.ബെന്നി മാരാംപറമ്പില്‍, ഫാ.ജോസ് വയലിക്കോടത്ത്, ഫാ.അഗസ്റ്റിന്‍ വട്ടോളി, ഫാ.കുര്യാക്കോസ് മുണ്ടാടന്‍, ഫാ.ജോസഫ് പാറേക്കാട്ടില്‍ എന്നിവരാണ് ഭൂമി വിവാദം പുറത്തുകൊണ്ടു വരാന്‍ മുന്‍പന്തിയില്‍ നിന്നത്. ഈ വൈദികര്‍ സഭയുടെ സല്‍പ്പേരു നഷ്‌ടപ്പെടുത്തിയെന്നും കത്തോലിക്കാ സഭയെ പൊതു സമൂഹത്തില്‍ ജനം വിലകുറച്ചു കാണാന്‍ പുതിയ സംഭവം ഇടയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുകയെന്നാണ് വിവരം.

സത്യത്തിനൊപ്പം നിന്ന വൈദികര്‍ക്കെതിരേ നടപടിയെടുത്താല്‍ അത് വൈദിക സമൂഹത്തിനുളളിൽ പുതിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. ഭൂമി വിവാദത്തിന്റെ തുടക്കം മുതല്‍ സീറോ മലബാര്‍ സഭയുടെ സിനഡ് പൂര്‍ണമായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ചിരുന്നു. എന്നാല്‍ ഭൂമി വിവാദം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഒടുവില്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സിബിസിഐ പ്രശ്‌നത്തില്‍ ഇടപെടുകയും തുടര്‍ന്നു വത്തിക്കാന്‍ അഡ്മനിസ്‌ട്രേറ്ററെ നിയോഗിക്കുകയുമായിരുന്നു വെന്ന് സഭയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നിലവില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തും റോമിലുണ്ട്. ഈ സന്ദര്‍ശനത്തിനിടെ വൈദികര്‍ക്കെതിരായ നടപടിയും തീരുമാനിക്കുമെന്നാണ് സൂചന. സീറോ മലബാര്‍ സഭാ സിനഡും വൈദികര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

എന്നാല്‍ ഭൂമി വിവാദം പുറം ലോകം അറിയുന്നതിനു മുമ്പ് മാസങ്ങള്‍ക്കു മുമ്പു തന്നെ തങ്ങള്‍ ഈ വിഷയം പലതവണ കര്‍ദിനാളുമായി സംസാരിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്‍ പറഞ്ഞു. ‘ സെപ്റ്റംബറിലാണ് ഭൂമി വിവാദവുമായി ബന്ധപ്പെട്ട വിഷയം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. പല തവണ കര്‍ദിനാളുമായി സംസാരിച്ചെങ്കിലും ഞങ്ങളോടു തട്ടിക്കയറാനാണ് അദ്ദേഹം ശ്രമിച്ചത്. പിന്നീട് ഡിസംബറില്‍ ചങ്ങനാശേരി അതിരൂപതയുമായി ബന്ധപ്പെട്ട ഒരു വിഭാഗമാണ് ആദ്യം ഈ വിഷയം പുറത്തുവിട്ടത്. പിന്നീട് ഞങ്ങള്‍ ഇതിനു മറുപടി കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. സഭയുടെ സല്‍പ്പേര് നശിക്കാന്‍ കാരണം കര്‍ദിനാളിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചമൂലമാണ്. എടപ്പാള്‍ തിയേറ്റര്‍ പീഡന വിഷയത്തില്‍ വിഷയം അറിയിച്ച തിയേറ്റര്‍ ഉടമയെ പ്രതിയാക്കാന്‍ ശ്രമിച്ച പൊലീസ് നടപടി പോലെയാണ് സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഞങ്ങളെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ ഇത്തരം നടപടികള്‍ അംഗീകരിക്കില്ല’ അദ്ദേഹം പറഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വത്തിക്കാന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചതോടെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങള്‍.

ഭൂമി വിൽപ്പന സഭകടന്ന് നിയമപ്രശ്‌നമായി കഴിഞ്ഞു. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. കർദിനാളിനെതിരെ കേസെടുക്കാൻ ഉളള ഹൈക്കോടതി വിധിയും അതിനെ തടഞ്ഞ നടപടിയും പിന്നീട് വിവാദമായിരുന്നു.​ അതിന് തൊട്ടുപിന്നാലെയാണ് ആദായ നികുതി വകുപ്പ് ഭൂമി വിൽപ്പനയിലെ ഇടനിലക്കാരനെതിരെ ആരംഭിച്ചിരിക്കുന്ന അന്വേഷണം. ഈ അന്വേഷണത്തിൽ നിന്നും സഭയെ ഒഴിവാക്കില്ലെന്നാണ് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. ഇത് വരും ദിവസങ്ങളിൽ സഭയ്‌ക്കുളളിൽ​ പുതിയ വിവാദത്തിന് വഴിയൊരുക്കിയേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.