കൊച്ചി: ഭൂമി വിവാദത്തിന്റെ പേരില്‍ പ്രതിസന്ധിയിലാവുകയും പിന്നീട് കര്‍ദിനാളും വൈദികരും തമ്മില്‍ കടുത്ത ഭിന്നതയിലാവുകയും ചെയ്ത എറണാകുളം-അങ്കമാലി അതിരൂപയില്‍ വിശ്വാസികള്‍ “കൈവലിച്ച”തോടെ രൂപതയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥിതിയിലൂടെ കടന്നു പോവുകയാണ്. സാധാരണ വലിയ ആഴ്ച എന്നറിയപ്പെടുന്ന ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ വന്‍തുക നേര്‍ച്ച ഇനത്തില്‍ വിശ്വാസികള്‍ നിക്ഷേപിക്കുന്ന പതിവുണ്ട്. എന്നാല്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം വരുമാനത്തില്‍ കുറവുണ്ടാകുമെന്നാണ് സൂചന. ഇതുവരെയുളള സംഭവങ്ങളുടെ അടിസ്ഥാനത്തിലുളള വൈദികരുടെ വിലയിരുത്തൽ.

കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭാവനയായും നേര്‍ച്ചപ്പണമായും വിശ്വാസികളില്‍ നിന്നു ലഭിച്ചിരുന്ന വരുമാനത്തില്‍ വന്‍തോതിലുള്ള കുറവുണ്ടായതാണ് എറണാകുളം അങ്കമാലി അതി രൂപതയെ ഉള്‍പ്പടെ രൂപതകളെ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്നത്. രൂപതയ്ക്കു കീഴിലുളള പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനകള്‍ക്കിടയില്‍ ലഭിച്ചിരുന്ന സ്തോത്രകാഴ്ചയില്‍ പകുതിയോളം കുറവുണ്ടായതായാണ് വൈദികര്‍ തന്നെ നല്‍കുന്ന സൂചന. മുന്‍പു പതിനായിരം മുതല്‍ 15000 വരെ ലഭിച്ചിരുന്ന പള്ളികളില്‍ ഇത് 5500 മുതല്‍ ആറായിരം രൂപവരെയായി ചുരുങ്ങി. ഭൂമി വിവാദത്തിനു ശേഷം എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള പള്ളികള്‍ക്കു പുറമേ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ പള്ളികളിലും ലഭിക്കുന്ന നേര്‍ച്ച വരുമാനത്തിലും മറ്റു സംഭാവനകളിലും വന്‍തോതില്‍ ഇടിവു വന്നിട്ടുണ്ടെന്നാണ് വൈദികര്‍ പറയുന്നു.

84 കോടിയോളം രൂപ കടത്തില്‍ നില്‍ക്കുന്ന എറണാകുളം -അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് ഭൂമി വിവാദത്തെ തുടര്‍ന്ന് നിത്യനിദാന ചെലവുകള്‍ക്കു പോലും പണം എടുക്കാനില്ലെന്ന സ്ഥിതിയാണെന്ന് വൈദികര്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്ക് ലോണിന്റെ പലിശ ഇനത്തില്‍ മാസം തോറും 70 ലക്ഷം രൂപയാണ് അടയ്ക്കുന്നത്. ഇതോടൊപ്പം രൂപതയുടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു ശമ്പളം നല്‍കാനായി മാസം ഏഴു ലക്ഷത്തോളം രൂപ വേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ രൂപതയ്ക്കു പ്രതിമാസം ലഭിക്കുന്നത് വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്കു കൊടുത്തിട്ടുള്ള മുറികളുടെ വാടകയായി ലഭിക്കുന്ന 40 ലക്ഷം രൂപമാത്രമാണ്. വിവാദത്തിനു ശേഷം രൂപതയില്‍ നേരിട്ടു ലഭിച്ചിരുന്ന സംഭാവനകളും അല്ലാതെയുളള ഡൊണേഷനുകളുമെല്ലാം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇതിനിടെ രൂപതയ്ക്കു കീഴിലുള്ള പള്ളികള്‍ വര്‍ഷം തോറും രൂപതയ്ക്കു നല്‍കുന്ന വിഹിതം കൂടി നിര്‍ത്തിവച്ചതോടെ പ്രതിസന്ധി രൂക്ഷമാണിപ്പോള്‍. ഭൂമി വിവാദം ധാര്‍മിക മൂല്യങ്ങള്‍ക്കു പുറമേ ഞങ്ങളുടെ സാമ്പത്തിക അടിത്തറകൂടി പൂര്‍ണമായും തകർത്ത നിലയിലാണ്. ഇനിയുള്ള നാളുകള്‍ എങ്ങനെ മുന്നോട്ടുപോകണമെന്നു ഞങ്ങള്‍ക്കറിയില്ല.” പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച എറണാകുളം-അങ്കമാലി അതിരൂപതയിലെ മുതിർന്ന ഒരു വൈദികന്‍ പറയുന്നു.

കാനോന്‍ നിയമമനുസരിച്ച് പള്ളികളെല്ലാം രൂപതകള്‍ക്കു തങ്ങളുടെ വരുമാനത്തിന്റെ വിഹിതം നല്‍കേണ്ടതുണ്ട്. തെരട്ട് എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിഹിതം പള്ളികളുട സാമ്പത്തികാവസ്ഥ അനുസരിച്ച് മൂന്നു മുതല്‍ 15 ശതമാനം വരെയായാണ് നിശ്ചയിച്ചിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ കുരിശുപള്ളികള്‍ ഉള്‍പ്പടെ 331പള്ളികളാണുള്ളത്. വര്‍ഷംതോറും നാലു കോടിയിലധികം രൂപയാണ് തെരട്ട് ഇനത്തില്‍ മാത്രം രൂപയ്ക്കു ലഭിച്ചിരുന്നത്. എന്നാല്‍ ഭൂമി വിവാദത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ നടപടിയെടുത്തിട്ടു മാത്രമേ തെരട്ട് വിഹിതം നല്‍കുകയുള്ളുവെന്ന നിലപാടിലാണ് രൂപയ്ക്കു കീഴിലുള്ള പള്ളികളിലെ വൈദികര്‍. ഭൂമി വിവാദം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കുകൂടി എറണാകുളം-അങ്കമാലി അതിരൂപതയെ കൊണ്ടെത്തിച്ചതോടെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇനിയും കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

ഇതിനിടെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കടം തീര്‍ക്കാന്‍ 26 കോടി നല്‍കാമെന്ന നിര്‍ദേശം സിനഡ് മുന്നോട്ടുവച്ചെങ്കിലും പണമല്ല ,ആത്മാഭിമാനമാണ് വലുതെന്ന് പറഞ്ഞു വൈദിക സമിതി നിര്‍ദേശം തള്ളി. സാമ്പത്തിക ബുദ്ധിമുട്ടുള്ളതല്ലേ തല്‍ക്കാല ചിലവുകള്‍ക്ക് ഇരിക്കട്ടെ എന്നു പറഞ്ഞ് പാലാ രൂപതാ മാര്‍ കല്ലറങ്ങാട്ട് ബിഷപ് എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ എടയന്ത്രത്തിന് കൊടുത്തയച്ച അഞ്ചു കോടിയുടെ ചെക്കും വൈദിക സമിതി തിരിച്ചു കൊടുത്താതായാണ് വൈദികർ വ്യക്തമാക്കുന്നത്.
ഭൂമി വിൽപ്പന വിഷയത്തിൽ ചങ്ങനാശേരി രൂപത എടുത്ത കർദിനാൾ അനുകൂല സമീപനം എറണാകുളം  അങ്കമാലി അതിരൂപതയെ ചൊടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സീറോ മലബാര്‍ സഭയക്കു കീഴിലുള്ള രൂപതകളുടേയോ സിനഡിന്റെയോ സഹായം സ്വീകരിക്കുന്നത് തങ്ങള്‍ക്കു കുറച്ചിലാകുമെന്ന വിലയിരുത്തലിലാണ് വൈദികര്‍. ഞങ്ങളുടെ വസ്തുക്കള്‍ വിറ്റായാലും കടംവീട്ടും ആത്മാഭിമാനത്തേക്കാള്‍ വലുതല്ല പണം. ഒരു വൈദികന്‍ പറയുന്നു,.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ