കൊച്ചി: സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ ഭൂമി വിവാദത്തില്‍ കേസെടുക്കാന്‍ ഹൈക്കോതി ഉത്തരവിട്ടതോടെ പ്രതിസന്ധിയിലായ കര്‍ദിനാളിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പുതിയ ഭൂമി വില്‍പ്പനയുടെ ആരോപണങ്ങൾ. വിവാദമായ അഞ്ചു സ്ഥലങ്ങള്‍ വിറ്റതിനു പിന്നാലെ മറ്റു രണ്ടു സ്ഥലങ്ങള്‍ കൂടി വില്‍ക്കാന്‍ കര്‍ദിനാള്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാർത്ത. എറണാകുളം നഗര ഹൃദയത്തില്‍ തന്നെയുള്ള രണ്ടു ഭൂമികള്‍ കൂടി വില്‍ക്കാന്‍ കരാര്‍ ഒപ്പിട്ടെങ്കിലും ആദ്യത്തെ ഭൂമി വില്‍പ്പന വിവാദമാവുകയും വൈദികരും അൽമായരും കർദിനാളിനെതിരെ രംഗത്തെത്തിയതോടെയാണ് ഈ വിൽപ്പനയ്ക്കുളള​ നീക്കം മരവിപ്പിച്ചതായാണ് ലഭ്യമായ രേഖകൾ വ്യക്തമാക്കുന്നത്. ഈ വിഷയം വീണ്ടും സീറോ മലബാർ സഭയിലും എറണാകുളം അങ്കമാലി അതിരൂപതയിലും വിവാദങ്ങളുടെ ഭൂകമ്പം സൃഷ്ടിക്കും. ആദ്യം പുറത്ത് വന്ന ഭൂമി വിൽപ്പന കുംഭകോണം സഭയ്ക്കുളളിൽ അതിശക്തമായ പൊട്ടിത്തെറികൾക്കാണ് വഴിയൊരുക്കിയത്. പുതിയ വിവരങ്ങൾ ആദ്യത്തേതിനേക്കാൾ ഞെട്ടിക്കുന്നതാണെന്ന് വൈദികർ പറയുന്നു

എറണാകുളം പെരുമാലൂരിലെ സ്‌കൂളിനു മുന്നിലുള്ള 58 സെന്റ് സ്ഥലവും (രണ്ട് ആധാരങ്ങളിലായി) ജിസിഡിഎയ്ക്കു സമീപമുള്ള 28.1 സെന്റ് സ്ഥലവും എട്ടു കോടി രൂപയ്ക്ക് കോതമംഗലം രാമനല്ലൂര്‍ സ്വദേശിയായ ജോസ് കുര്യന്‍ എന്നയാളിന് എട്ടുകോടി രൂപയ്ക്ക് വില്‍ക്കാനായിരുന്നു കരാര്‍. ഇതിനായി സീറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരൻ 80 ലക്ഷം രൂപയുടെ മുദ്രപ്പത്രങ്ങളും വാങ്ങിയിരുന്നു. 2017 ജനുവരി മുതല്‍ സെപ്റ്റംബര്‍വരെയുള്ള കാലയളവിനുള്ളില്‍ ഇതിനായി മുദ്രപ്പത്രങ്ങളില്‍ കര്‍ദിനാള്‍ ഒപ്പിട്ടിട്ടുമുണ്ട്. എന്നാല്‍ ഈ ഭൂമികളുടെ റജിസ്‌ട്രേഷന്‍ ഔദ്യോഗികമായി നടന്നിട്ടില്ല. ഈ രണ്ടു ഭൂമികളുടെ ഒപ്പം എറണാകുളം-കുണ്ടന്നൂരില്‍ സഭയുടെ ഉടമസ്ഥതയിലുള്ള 1 ഏക്കര്‍ 55 സെന്റ് സ്ഥലം കൂടി വില്‍ക്കാന്‍ ശ്രമം നടന്നതായി സൂചനയുണ്ട്.

എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ കണ്ടെത്താന്‍ വൈദികര്‍ക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വിവാദ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ സാജു വര്‍ഗീസ് കുന്നേല്‍ എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് ഭൂമി ഇടപാടിനായി വാങ്ങിയ സ്റ്റാംപ് പേപ്പറിനായി മുടക്കിയ 80 ലക്ഷം രൂപ തിരിക നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയതോടെയാണ് മറ്റു ഭൂമികളും വില്‍ക്കാന്‍ കര്‍ദിനാളും സഹായികളും ശ്രമിച്ചിരുന്നുവെന്ന വിവരം പുറത്തായത്. ആധാരം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയതിനാല്‍ സ്റ്റാംപ് പേപ്പറിനായി മുടക്കിയ പണം തിരികെ നല്‍കണമെന്നായിരുന്നു സാജുവിന്റെ ആവശ്യം. ഇതിന്റെ ഒറിജിനല്‍ പേപ്പറുകള്‍ ഹാജരാക്കാന്‍ ബിഷപ് ഹൗസ് അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഇതു ഹാജരാക്കിയിട്ടില്ലെന്നാണ് ബിഷപ്പ് ഹൗസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്..

കോതമംഗലത്തിനു സമീപം കോട്ടപ്പടിയിലുള്ള 95 ഏക്കര്‍ വരുന്ന റബര്‍ തോട്ടം സഭയ്ക്കു നല്‍കിയശേഷം നഗരത്തിലെ ഭൂമി വച്ചുമാറുകയെന്നതായിരുന്നു തയ്യാറാക്കിയ പദ്ധതിയെന്നാണ് വിവരം. എന്നാല്‍ ഇടപാട് നടക്കാതെ പോയതോടെ 25 ഏക്കര്‍ വരുന്ന റബര്‍തോട്ടം സഭയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിനായി 16 കോടിയിലധികം രൂപയും സഭ നല്‍കിയിട്ടുണ്ട്. വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും നടക്കാതെ പോയ ഭൂമിയിടപാട് വലിയ തോതിലുള്ളതായിരുന്നുവെന്നു വൈദികര്‍ തന്നെ സമ്മതിക്കുന്നു.

200 കോടിയെങ്കിലും മതിപ്പുവില ലഭിക്കേണ്ട ഭൂമി വെറും എട്ടുകോടിക്കാണ് കൈമാറാന്‍ കരാര്‍ ഒപ്പിട്ടതെന്നാണ് വൈദികർ​ ഉയർത്തുന്ന ആരോപണം. എന്നാല്‍ ഭൂമി വില്‍പ്പന വിഷയത്തില്‍ വൈദികര്‍ അന്വേഷണം തുടങ്ങിയതോടെ റജിസ്‌ട്രേഷന്‍ വേണ്ടെന്നുവച്ചെന്നാണു സൂചന. പുതിയ ഭൂമി വിവാദം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാത്തതിനാല്‍ ഈ വിഷയം സഭ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ല. പുതുതായി പുറത്തുവന്ന ഭൂമി വില്‍പ്പന നീക്കത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന വാദമാണ് ഇപ്പോള്‍ വൈദികര്‍ ഉയര്‍ത്തുന്നത്. ഭൂമി വിവാദത്തില്‍ കടുത്ത പ്രതിസന്ധിയിലായ കര്‍ദിനാളിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാകും പുതിയ ഭൂമി വിവാദം. കർദിനാളിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചവരെയും പ്രതിരോധത്തിലാക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.