കൊച്ചി: വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി (മെത്രാന്‍ സമിതി) പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ എറണാകുളം – അങ്കമാലി അതിരൂപത. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കെസിബിസി സര്‍ക്കുലര്‍ ഇറക്കിയത് ശരിയായില്ലെന്ന് അതിരൂപത വിലയിരുത്തി.
കെസിബിസി സമ്മേളനത്തില്‍ ഭൂമിയിടപാടിനെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ എന്താണ് എന്ന് വ്യക്തതയില്ലാതെ സര്‍ക്കുലര്‍ ഇറക്കിയതിനെതിരെയാണ് അതിരൂപത നിലപാട് കടുപ്പിച്ചത്. റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ മറ്റ് ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും കെസിബിസി പോയിട്ടില്ലെന്നാണ് അറിയാന്‍ സാധിച്ചത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കിയതും അത് പള്ളികളില്‍ വായിക്കണമെന്ന് ആവശ്യപ്പെട്ടതും അംഗീകരിക്കാനാവില്ല എന്ന് അതിരൂപത വിലയിരുത്തി.
Read More: നികുതി വെട്ടിപ്പ്: എറണാകുളം അങ്കമാലി രൂപതയ്ക്ക് മൂന്ന് കോടി രൂപ പിഴ
കെസിബിസി തീരുമാനങ്ങളെക്കുറിച്ച് പ്രസ് റിലീസ് പുറത്തിറക്കാനായിരുന്നു യോഗതീരുമാനം. അതില്‍ നിന്നു വ്യത്യസ്തമായി പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശത്തോടെ സര്‍ക്കുലര്‍ നല്‍കപ്പെട്ടത് കെസിബിസി യോഗതീരുമാനത്തിനു വിരുദ്ധമാണെന്നും അതിരൂപത പറയുന്നു.
സർക്കുലർ വിവാദമായതോടെ കെസിബിസിയും നിലപാട് മാറ്റി രംഗത്തെത്തി. എറണാകുളം – അങ്കമാലി അതിരൂപത കൂടി സർക്കുലറിനെതിരെ പ്രതിഷേധം അറിയിച്ചതോടെ കെസിബിസി സർക്കുലർ പിൻവലിച്ചു. ഭൂമി ഇടപാടിനെ സംബന്ധിച്ച അഴിമതി ആരോപണങ്ങളുടെ നിജാവസ്ഥ വ്യക്തമാക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെന്ന് കെസിബിസി വിശദീകരണ കുറിപ്പില്‍ പറയുന്നു.
ആരോപണങ്ങളെ കുറിച്ച് കെസിബിസിയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ സൂചനകള്‍ മാത്രമേ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്ന് കെസിബിസി വിശദീകരിച്ചു. അന്വേഷണ കമ്മീഷന്‍ റോമില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് മെത്രാന്‍ സമിതിക്ക് അറിയില്ല. റോമിന്റെ കണ്ടെത്തലുകള്‍ക്കും അംഗീകാരങ്ങള്‍ക്കും ശേഷമേ നിജാവസ്ഥ വെളിപ്പെടുത്തുകയുള്ളൂ എന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. നേരത്തെ പുറത്തിറക്കിയ സര്‍ക്കുലര്‍ ഞായറാഴ്ച കുര്‍ബാന മധ്യ വായിക്കേണ്ടതില്ലെന്നും വിശദീകരണ കുറിപ്പില്‍ കെസിബിസി പറഞ്ഞിട്ടുണ്ട്.
Read More: മാര്‍.ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
നേരത്തെ സിറോ മലബാർ സഭാ ഭൂമിയിടപാടിലും വ്യാജരേഖാക്കേസിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഭൂമിയിടപാടിൽ അഴിമതി നടന്നിട്ടില്ലെന്നും കർദിനാളിനെതിരായ വ്യാജ രേഖാക്കേസിൽ ഉത്തരവാദികളായ മുഴുവൻ ആളുകളെയും പിടികൂടണമെന്നും കത്തേോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെട്ടിരുന്നു. കർദിനാൾ തെറ്റുക്കാരനല്ല എന്ന് പറയുന്ന സർക്കുലർ കുർബാന മധ്യേ വായിക്കണമെന്നും നേരത്തെ കെസിബിസി ആവശ്യപ്പെട്ടിരുന്നു.