കൊച്ചി: ഭൂമി വിവാദം പ്രതിസന്ധിയിലാക്കിയ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഭരണ നിര്‍വഹണത്തിനായി പുതിയ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ചു ബിഷപ്പിനെ നിയമിക്കും. വൈദികരുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനം.
വ്യാഴാഴ്ച ചേര്‍ന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതി യോഗത്തിലാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു മാത്രമായി അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ചുബിഷപ്പിനെ നിയമിക്കുന്ന കാര്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മാര്‍ ജേക്കബ് മാനത്തോടത്ത് വൈദികരുമായി ചര്‍ച്ച ചെയ്തത്. ഇത് പ്രകാരം അതിരൂപതയില്‍ നിന്ന് അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെടാന്‍ പരിഗണിക്കേണ്ട മൂന്നുപേരുകള്‍ ഉടന്‍ തന്നെ റോമിലേക്ക് അയച്ചുകൊടുക്കും.
വത്തിക്കാനില്‍ നിന്ന് അംഗീകാരം ലഭിച്ചാലുടന്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന മൂന്നുപേരില്‍ ഒരാളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും ഓഗസ്റ്റില്‍ ചേരുന്ന അടുത്ത സീറോ മലബാര്‍ സിനഡ് ഇതിന് അംഗീകാരം നല്‍കുകയും ചെയ്യും. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെടാന്‍ അയക്കേണ്ട പേരുകള്‍ ചര്‍ച്ച ചെയ്യാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെ യോഗം നാളെ ചേരും. ഇതിനിടെ വ്യാഴാഴ്ച ചേര്‍ന്ന വൈദിക സമിതി യോഗം സീറോ മലബാര്‍ സഭ സിനഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വൈദികരുടെയും കന്യാസ്ത്രീകളുടെയും പെരുമാറ്റച്ചട്ടം സംബന്ധമായ സര്‍ക്കുലറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.
സര്‍ക്കുലര്‍ ഭൂമി വിവാദവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന വൈദികരെ താറടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഇതു പിന്‍വലിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സര്‍ക്കുലറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടുത്തു ചേരുന്ന പെര്‍മനന്റ് സിനഡില്‍ ചര്‍ച്ച ചെയ്യാമെന്നു മാര്‍ ജേക്കബ് മാനത്തോടത്ത് അറിയിച്ചതോടെയാണ് വൈദികർ പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം എറണാകുളം-അങ്കമാലി അതിരൂപതയുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ ഭൂമി വില്‍ക്കുന്നതടക്കമുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്താനും വൈദിക സമിതി യോഗം നിര്‍ദേശം നല്കി. ഭൂമി വിവാദത്തെ തുടര്‍ന്ന് വത്തിക്കാനില്‍ നിന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലേക്കു നിയമിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മാര്‍ ജേക്കബ് മാനത്തോടത്ത് കഴിഞ്ഞ ജൂണില്‍ പദവി ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് സഭാ സമിതികളെല്ലാം സസ്പെന്‍ഡു ചെയ്തിരുന്നു. ഇത്തരത്തില്‍ സസ്പെന്‍ഡു ചെയ്ത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച വൈദിക സമിതി യോഗം ചേര്‍ന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ 450-ലധികം വൈദികരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 52 പേരാണ് വൈദിക സമിതിയിലെ അംഗങ്ങള്‍. അതേസമയം രൂപതയുടെ ഭരണത്തിനായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്ന കാലങ്ങളായുള്ള തങ്ങളുടെ ആവശ്യമാണ് ഒടുവില്‍ അംഗീകരിക്കപ്പെടുന്നതെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ പ്രതികരിച്ചു.