കൊച്ചി: സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ എറണാകുളം-അങ്കമാലി അതിരൂപയിലെ ഭൂമി വിവാദം വീണ്ടും പുകഞ്ഞുകത്തുന്നു. കര്‍ദിനാളിനെ ബഹിഷ്കരിക്കാനുള്ള നീക്കവുമായി വൈദികർ നീങ്ങുന്നുവെന്നതാണ് ഭൂമി പ്രശ്നം വീണ്ടും കത്തിപ്പടരാൻ വഴിയൊരുക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപയിലെ വിവിധ ഫൊറോനകളില്‍ നിന്നുള്ള അമ്പതോളം വൈദികര്‍ ഇന്ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ യോഗം ചേര്‍ന്നാണ് ബഹിഷ്ക്കരണ തീരുമാനമെടുത്തത്. ഭൂമി വിവാദത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബഹിഷ്കരിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നുള്ള വൈദികര്‍ തീരുമാനിച്ചു.
കര്‍ദിനാള്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ നിന്നു വൈദികര്‍ വിട്ടുനില്‍ക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഭൂമി പ്രശ്നം പരിഹരിച്ചുവെന്ന പേരില്‍ പ്രസ്താവനയിറക്കിയതാണ് വൈദികരൈ വീണ്ടും കര്‍ദിനാളിനെതിരേ രംഗത്തുവരാന്‍ പ്രേരിപ്പിച്ചതെന്നാണ് വൈദികരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപത അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. എന്നാല്‍ ഇതിനു കാരണക്കാരായവര്‍ക്കെതിരേ ഇപ്പോഴും നടപടിയുണ്ടായിട്ടില്ല. അതിരൂപതാഭരണം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സ്വതന്ത്ര ചുമതലയോടുകൂടിയ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത വൈദികര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്, ഒരു മുതിര്‍ന്ന വൈദികന് പറഞ്ഞു.
കോട്ടപ്പടിയില്‍ ഭൂമി വാങ്ങിയ ഇടപാടുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇനി ഒമ്പതരക്കോടിയോളം രൂപ ലഭിക്കാനുണ്ട്. എന്നാലിപ്പോള്‍ ഈ ഭൂമി വില്‍ക്കാനാണ് ഒരു വിഭാഗം ശ്രമം നടത്തുന്നത്. കോട്ടപ്പടിയിലുള്ള ഭൂമി തല്ക്കാലം വില്ക്കേണ്ടതില്ലെന്നും ഈ ഭൂമിയുമായി ബന്ധപ്പെട്ടു ലഭിക്കാനുള്ള പണം ഈടാക്കാന്‍ കേസുകൊടുക്കണമെന്നുമാണ് വൈദിക സമിതി ആവശ്യപ്പെടുന്നത്.
അതിരൂപതയെ കടക്കെണിയിലാക്കിയ ഭൂമിയിടപാടില്‍ രേഖകളില്ലാതെ നടത്തിയ പണമിടപാടുകളെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി നിയമനടപടികള്‍ സ്വീകരിക്കണം.ഭൂമി വിഷയവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ വൈദിക സമിതി ഉടന്‍തന്നെ മെത്രാന് സമിതിയുമായി ചര്ച്ചയുമായിചയ്യും.
കൊരട്ടി പള്ളിയിലെ സ്വര്‍ണം വില്‍പ്പനയുമായി ബന്ധപ്പെട്ടു ക്രമക്കേടു കണ്ടെത്തിയ വികാരി ഫാദര്‍ മാത്യു മണവാളനെതിര നടപടി സ്വീകരിച്ചെങ്കിലും രൂപതയുടെയും സഭയുടെയും നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലാക്കിയവര്‍ ഇപ്പോഴും അധികാരത്തില്‍ തുടരുന്നത് അംഗീകരിക്കാനാവില്ല. കര്‍ദിനാളിന് ഒരുനീതിയും വൈദികനു മറ്റൊരു നീതിയും എന്ന അവസ്ഥയാണിപ്പോഴുള്ളതത്, ഒരു മുതിര്‍ന്ന വൈദികന് രോഷത്തോടെ പറയുന്നു.
കഴിഞ്ഞമാസം കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ(കെസിബിസി) ഇടപെടലിനെത്തുടര്‍ന്ന് അതിരൂപതയ്ക്കു ലഭിക്കാനുള്ള പണം കിട്ടിയെന്നും ഭൂമി വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീര്‍ന്നെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കര്‍ദിനാളിനെ ബഹിഷ്കരിക്കാനുള്ള നീക്കവുമായി വൈദിക സമിതി വീണ്ടും രംഗത്തെത്തിയതോടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിഷയം വീണ്ടും ചര്‍ച്ചാവിഷയമായി മാറുകയാണ്.