മൂന്നാർ: വരയാടുകളുടെ പ്രജനന കാലം നേരത്തേ തുടങ്ങിയതോടെ മൂന്നാറിലെ ഇരവികുളം നാഷണല്‍ പാര്‍ക്ക് ഇന്നു മുതല്‍ രണ്ടുമാസക്കാലത്തേക്ക് അടച്ചിടും. സാധാരണ ഫെബ്രുവരി ആദ്യം മുതൽ ഏപ്രിൽ അവസാനം വരെയാണ് വരയാടുകളുടെ പ്രജനനകാലം. ഈ സമയത്താണ് പാർക്ക് അടച്ചിടാറുള്ളത്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്നു വിപരീതമായി വരയാടുകളുടെ പ്രസവം നേരത്തെ തുടങ്ങിയതോടെയാണ് പാര്‍ക്ക് അടച്ചിടാന്‍ വനംവകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.
സാധാരണ ജനുവരി മാസം അവസാന വാരത്തിലാണ് വരയാടുകളുടെ പ്രസവകാലം തുടങ്ങുന്നതെങ്കില്‍ ഇത്തവണ ജനുവരി ആദ്യ വാരം തന്നെ പുതുതായി പിറന്ന രണ്ടു കുഞ്ഞുങ്ങളെ പാര്‍ക്കിനുള്ളില്‍ കണ്ടു തുടങ്ങിയിരുന്നു. ഇതുവരെ ആറു പുതിയ കുഞ്ഞുങ്ങളെയാണ് പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുള്ളതെന്ന് വനംവകുപ്പ് വ്യക്തമാക്കി. തുടര്‍ന്നാണ് മാര്‍ച്ച് 20 വരെ പാര്‍ക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.
അതേസമയം, 12 ദിവസത്തിലധികം തുടര്‍ച്ചയായുണ്ടായ മഞ്ഞുവീഴ്ചയില്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളിലെ പുല്‍മേടുകളും വന്‍തോതില്‍ കരിഞ്ഞു പോയിട്ടുണ്ട്. ഇത് കാട്ടുതീയ്ക്കും വരയാടുകളുടെ ആഹാര ക്ഷാമത്തിനും കാരണമാകുമോയെന്ന ആശങ്കയിലാണ് പാര്‍ക്ക് അധികൃതര്‍. മുന്‍കാലങ്ങളില്‍ ഒന്നോ രണ്ടോ ദിവസം മഞ്ഞു വീഴ്ചയുണ്ടാകുമെങ്കിലും അടുത്ത ദിവസങ്ങളില്‍ ഇതു മാറാറാണ് പതിവ്. എന്നാല്‍ ഇത്തവണ ജനുവരി 2 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുമാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്.
ചിറ്റുവര, ചെണ്ടുവര, കന്നിമല തുടങ്ങിയ സ്ഥലങ്ങളില്‍ മൈനസ് നാലുവരെയാണ് തണുപ്പു രേഖപ്പെടുത്തിയത്. അതേസമയം 12 മുതല്‍ 16 വരെ താപനില ഉയര്‍ന്നെങ്കിലും വീണ്ടും താപനില താഴേയ്ക്കു പോവുകയാണ്. ചെണ്ടുവര, ചിറ്റുവര, എല്ലപ്പെട്ടി, സെവന്‍മല, കന്നിമല, എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ മൈനസ് ഒന്നായിരുന്നു താപനില രേഖപ്പെടുത്തിയത്.