തലശ്ശേരി: അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന് എരഞ്ഞോളി മൂസയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണി മുതല്‍ തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ച കഴിഞ്ഞ് ഒരു മണിക്ക് മട്ടാമ്പ്രം ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം സംസ്കരിക്കുക. സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം അന്തരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി എരഞ്ഞോളി മൂസ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ആഴ്ച ചികിത്സ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ശബ്ദം നഷ്ടപ്പെടുകയും സംസാരിക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ടായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലധികം വേദികളില്‍ പാടിയിട്ടുണ്ട്.
Read: മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ അന്തരിച്ചു
‘അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ..’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിക്കാരനായ ‘വലിയകത്ത് മൂസ’യാണ് പിന്നീട് എരഞ്ഞോളി മൂസ എന്നപേരിൽ പ്രസിദ്ധനായത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ചു. രാഘവൻ മാസ്റ്ററാണ് അദ്ദേഹത്തെ ആകാശവാണിയിൽ പാടിച്ചത്. അക്കാലം മുതലാണ് എരഞ്ഞോളി മൂസ എന്ന പേര് പ്രസിദ്ധമാകുന്നത്.
അടുത്തകാലത്ത് ഹിറ്റായ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം ആദ്യകാലത്ത് ആലപിച്ചതും ഇദ്ദേഹമായിരുന്നു. ‘മി അറാജ് ‘, ‘മൈലാഞ്ചിയരച്ചല്ലോ’, കെട്ടുകൾ മൂന്നും കെട്ടി’ തുടങ്ങി നൂറുകണക്കിന് പ്രശസ്തമായ മാപ്പിളപ്പാട്ടുകളും നിരവധി നാടക ഗാനങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. മുന്നൂറിലധികം തവണ ഗൾഫ് രാജ്യങ്ങളിലും മൂസ മാപ്പിളപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. ദിലീപ്, മീരാ ജാസ്മിൻ, നവ്യാ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഗ്രാമഫോൺ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഗായകരിൽ ഒരാൾ കൂടിയായിരുന്നു എരഞ്ഞോളി മൂസ. 1974 ല്‍ അബുദാബിയിലാണ് അദ്ദേഹം ആദ്യമായി ഗള്‍ഫില്‍ പാടാനെത്തുന്നത്. അവിടന്നങ്ങോട്ട് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇദ്ദേഹം സന്ദര്‍ശിച്ചു
ഇക്കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം മരിച്ചെന്ന് വ്യാജവാർത്ത പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തി. “ഞാന്‍ എരഞ്ഞോളി മൂസയാണ്. ജീവനോടു കൂടി പറയുന്നതാണ്. എന്നെപ്പറ്റിയൊരു തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. അത് ഇല്ലാത്തതാണ്. തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം..” ഇങ്ങനെയാണ് മൂസയുടെ വീഡിയോയില്‍ പറയുന്നത്.