തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്‌ത് സംസ്ഥാന  സർക്കാർ അസാധാരണ വിജ്ഞാപനം പുറപ്പെടുവിച്ചു.  ഒരു വർഷത്തേക്കാണ് ഭേദഗതിക്ക് പ്രാബല്യമുണ്ടാവുക. കോവിഡിനെത്തുർന്ന് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഭേദഗതി അവസാനിക്കുന്നത് വരെ തുടരും. ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാക്കി. വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും മാസ്‌ക് നിർബന്ധമാണ്.  പൊതു സ്ഥലത്ത് തുപ്പുന്നത് ശിക്ഷാർഹമാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

Read More: നിയന്ത്രണങ്ങൾ വർപ്പിക്കുന്നു, ട്രിപ്പിൾ ലോക്ക്ഡൗണിന് സാധ്യത

നിയമസഭ ചേരാത്ത സാഹചര്യത്തിൽ ഓർഡിനൻസ് മുഖേനയാണ് സർക്കാർ ഭേദഗതി അവതരിപ്പിച്ചത്. കേരള പകർച്ചവ്യാധി രോഗ ഓർഡിനൻസ്, 2020ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. നിയമത്തിൽ 7എ എന്ന വകുപ്പ് അധികമായി കൂട്ടിച്ചേർക്കുകയും പന്ത്രണ്ടാം വകുപ്പിൽ ഭേദഗതി വരുത്തുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഇതിനകം നടപ്പാക്കിയ നിയന്ത്രണങ്ങളാണ് ഭേദഗതി പ്രകാരം തുടരുക. ഒരു വർഷത്തെ സമയപരിധി അവസാനിക്കുന്നതിന് മുൻപ് സാഹചര്യങ്ങൾ പഴയ രീതിയിലേക്ക് മാറുകയാണെങ്കിൽ ഭേദഗതി ഒഴിവാക്കും.

Read More: കോവിഡ് സമ്പർക്ക വ്യാപന സാധ്യത: തുറമുഖം അടച്ചിടാൻ തീരുമാനം, കൊല്ലം അഴീക്കലിൽ നിയന്ത്രണങ്ങൾ

ആറ് അടി സാമൂഹ്യ അകലം പാലിക്കണമെന്ന നിയന്ത്രണം നിയമ ഭേദഗതി പ്രാബല്യത്തിലുള്ളിടത്തോളം നിലനിൽക്കും.  റോഡുകൾ അടക്കം ഒരു പൊതു സ്ഥലത്തും തുപ്പാൻ പാടില്ല. ഇത് ലംഘിക്കുന്നവർക്കെതിരേയും നിയമ നടപടി സ്വീകരിക്കും. കടകളിലും മറ്റു സ്ഥാപനങ്ങളിലുമുള്ള നിയന്ത്രണങ്ങളും ഭേദഗതിയുടെ പരിധിയിലുൾപ്പെടുന്നു. കടകളിലും മറ്റു സ്ഥാപനങ്ങളിലും സാനിറ്റൈസർ ലഭ്യമാക്കണം. വാണിജ്യ സ്ഥാപനങ്ങളിൽ പരമാവധി 20 പേരെ മാത്രമാണ് പ്രവേശിപ്പിക്കാൻ അനുമതി ലഭിക്കുക.

Read More: കോവിഡ് വാക്സിൻ: സംശയങ്ങളിൽ വിശദീകരണവുമായി ഐസിഎംആർ

വിവാഹ മരണാനന്തര ചടങ്ങുകളിലും നിയന്ത്രണം തുടരും. കല്യാണങ്ങളിൽ ചടങ്ങുകളിൽ ഒരു സമയം 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ ഒരു സമയത്ത് 20 പേർക്കുമാണ് പരമാവധി പങ്കെടുക്കാനാവുക.

അനുമതിയില്ലാതെ സമരങ്ങളും ഘോഷയാത്രകളും മറ്റു കൂടിച്ചേരലുകളും അനുവദിക്കില്ല. അനുമതി കിട്ടിയാൽ 10 പേർക്ക് മാത്രം പങ്കെടുക്കാം. ഇത് ലംഘിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നതിനുള്ള നിബന്ധനകളും തുടരും. സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രർ ചെയ്യണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.