കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി.ജയരാജൻ പങ്കെടുക്കും. തിരുവനന്തപുരത്ത് പോകാതിരിക്കേണ്ട കാര്യം എന്തെന്ന് ഇ.പി മാധ്യമപ്രവർത്തകരോട് ചോദിച്ചു. കേരളം മുഴുവൻ സഞ്ചരിക്കുന്ന ആളാണ് താനെന്നും ഇ.പി പറഞ്ഞു. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തുന്ന ഇ.പി തനിക്കെതിരായ സാമ്പത്തിക ആരോപണത്തിൽ പാർട്ടിയെ നിലപാട് അറിയിക്കും.
വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ.പിക്കെതിരായ സാമ്പത്തിക ആരോപണം ചർച്ച ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇ.പി സെക്രട്ടറിയേറ്റിൽ പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, സെക്രട്ടേറിയറ്റിൽ പങ്കെടുത്ത് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് ഇ.പിയുടെ തീരുമാനം.
ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന് സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ഇ പി ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് മുതിര്‍ന്ന നേതാവ് പി ജയരാജന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി ജയരാജന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറഞ്ഞത്.
രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് യോഗത്തില്‍ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നല്‍കാമെന്ന് പി ജയരാജന് യോഗത്തെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.