തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനം നടത്തുന്നതിനെതിരെ സമരം നടത്തുന്നവരുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ചര്‍ച്ച നടത്തും. ഖനന ആഘാതം പഠിക്കാന്‍ ഇടക്കാല സമിതിയെ നിയോഗിക്കാനും ഇടക്കാല റിപ്പോര്‍ട്ട് വരും വരെ സീ വാഷിങ് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉന്നതാധികാര സമിതി യോഗത്തിലായിരുന്നു തീരുമാനം. എന്നാല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്നാണ് സമര സമിതി ആവശ്യപ്പെടുന്നത്.

ആലപ്പാട്ടെ നിയമവിരുദ്ധ കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെടുന്ന ഹർജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റേയും ഐആര്‍ഇയുടെയും അടക്കം എതിര്‍കക്ഷികളുടെ വിശദീകരണം തേടിയിരുന്നു. കരിമണല്‍ ഖനനത്തെത്തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തുപോകുന്ന സ്ഥിതിയാണെന്നും സുരക്ഷ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം.ഹുസൈന്‍ നല്‍കിയ ഹർജിയിലാണ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് ഉത്തരവായത്.

നിരീക്ഷണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും വിദഗ്ധരുമടങ്ങുന്ന സമിതിക്ക് രൂപംനല്‍കണമെന്നതടക്കം നിര്‍ദേശിക്കുന്ന മുല്ലക്കര രത്‌നാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യവും ഹർജിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേസ് ഒരാഴ്ചക്ക് ശേഷം കോടതി പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.