കണ്ണൂർ: മൊറാഴയിലെ ആയുർവേദ റിസോർട്ടിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇ.പി.ജയരാജന്റെ ഭാര്യയും മകനും. ജയരാജന്റെ ഭാര്യ ഇന്ദിര 2021 ലാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമായത്. മകൻ ജയ്സൺ കമ്പനിയുടെ സ്ഥാപക ഡയറക്ടറാണ്. ഇതോടെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇ.പി.ജയരാജന്റെ വാദം പൊളിയുകയാണ്.
തലശേരി സ്വദേശിയും വ്യവസായിയുമായ കെ.പി.രമേഷ് കുമാറാണ് റിസോർട്ട് ഉടമയെന്നായിരുന്നു ഇ.പി നേരത്തെ പറഞ്ഞത്. എന്നാൽ ഇ.പിയുടെ മകൻ ജെയ്സണാണു കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. ഇ.പിയുടെ മകൻ ജെയ്സണും രമേശ് കുമാറും ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2014 ലാണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനോടു ചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തത്. ഇതിനു കീഴിലാണ് ‘വൈദേകം’ എന്ന റിസോർട്ട്. സ്ഥാപനത്തിൽ ഇപിക്കു രേഖാമൂലം പങ്കില്ലെങ്കിലും ഭാര്യ പി.കെ.ഇന്ദിരയും മകൻ പി.കെ.ജയ്സണും ഉൾപ്പെടെ 11 പേർ അടങ്ങിയതാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ്.
സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജരാജനെതിരെ സംസ്ഥാന സമിതി അംഗം പി.ജയരാജനാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്. ഇ.പി.ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയിലാണ് ഉന്നയിച്ചത്. കണ്ണൂര്‍ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചത്.
അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയെന്ന് പി. ജയരാജന്‍ ആരോപിച്ചതായാണ് റിപ്പോര്‍ട്ട്.