scorecardresearch
Latest News

‘ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഓരിയിടുന്ന പട്ടിയുടെ മാനസികാവസ്ഥയാണ് സംഘപരിവാറിന്’: ഇപി ജയരാജന്‍

നഗ്ന സന്യാസിമാരുടെ ഘോഷയാത്രകളും മറ്റും നടത്തി അതിൽ ആനന്ദം കണ്ടെത്തുന്ന ഇക്കൂട്ടർ ഇതും ഇതിലപ്പുറം പ്രയോഗങ്ങളും നടത്തുമെന്നും ജയരാജന്‍

ep jayarajan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊലവിളി നടത്തിയ ഉജ്ജയിനിയിലെ ആര്‍എസ്എസ് നേതാവിനേയും സംഘപരിവാറിനേയും വിമര്‍ശിച്ച് ഇപി ജയരാജന്‍ രംഗത്ത്. കൊലവിളി നടത്തുന്ന ആര്‍എസ്എസ് താലിബാനും ഐഎസിനും തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ കൊലവിളി തങ്ങളുടെ അറിവോടെ ആണോയെന്ന് നരേന്ദ്രമോദിയും അമിത്ഷായും വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്തുന്നവർക്ക് മധ്യ പ്രദേശിലെ ഉജ്വയിനിലെ RSS നേതാവ് ചന്ദ്ര വാത്ത് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. കൈയ്യും കാലും വെട്ടിയിട്ടുണ്ടെന്നും ഇനിയും വെട്ടുമെന്നും കേരളത്തിലെ BJP നേതാക്കളായ സുരേന്ദ്രനും ഗോപാലകൃഷ്ണനും ആക്രോശിച്ചു കൊണ്ടിരിക്കുന്നു. സംഘ പരിവാറിന്റെ കൊലവിളി തങ്ങളുടെ അറിവോടെയാണോ എന്ന് നരേന്ദ്ര മോഡിയും അമിത് ഷായും വ്യക്തമാക്കണം. ഇക്കാര്യത്തിൽ കുമ്മനം രാജശേഖരന്റെ നിലപാട് അറിയാനും ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കാർഗിൽ രക്തസാക്ഷിയുടെ മകളും ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയുമായ ഗുർ മെഹർ കൗറിനെ ബലാൽസംഗം ചെയ്യുമെന്നും കൊന്നുകളയുമെന്നും ABVP ഭീഷണിപ്പെടുത്തി. ബി.ജെ.പി യോ പ്രധാനമന്ത്രിയോ ഇതിനെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളിൽ ഒരു വയസിനും 20 വയസിനും ഇടയിലുള്ള കുട്ടികളെ കടത്തുന്ന മാഫിയാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് BJP ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ ആണെന്നും കുട്ടിക്കടത്ത് റാക്കറ്റിന്റെ മേൽനോട്ടം വഹിക്കുന്നത് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും രാജ്യസഭാംഗവുമായ രൂപ ഗാംഗുലിയും മഹിളാ മോർച്ച ജനറൽ സെക്രട്ടറി ജൂഹി ചൗധരിയുമാണെന്ന് ബംഗാൾ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘപരിവാറിന്റെ നേതൃത്വത്തി ലുള്ള സന്നദ്ധ സംഘടനകളുടെ മറവിൽ ഇത്തരം കുട്ടിക്കടത്ത് റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് RSS വിട്ടു വന്ന നിരവധി പ്രവർത്തകർ നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. BJP ദേശീയ എക്സിക്യുട്ടീവ് അംഗവും മുൻ MLA യുമായ വിജയ് ജോളി എന്ന മുതിർന്ന നേതാവ് പാർട്ടി പരിപാടിക്കെത്തിയ തനിക്ക് മയക്കുമരുന്ന് ചേർത്ത തക്കാളി സൂപ്പ് നൽകിയതിന് ശേഷം മാനഭംഗപ്പെടുത്തിയെന്ന് BJP പ്രവർത്തകയായ യുവതി കേസ് നൽകിയിരിക്കുന്നു. ഇപ്പറയപ്പെട്ടവരെല്ലാം നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും അടുപ്പക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ മഹിളാ മോർച്ച നേതാവ് ശോഭാ സുരേന്ദ്രൻ CPIM സംസ്ഥാന സെക്രട്ടറിയെ വഴി നടത്തില്ല എന്ന് ആക്രോശിക്കുന്നു. അസഹിഷ്ണത കൊണ്ട് ആക്രോശിക്കുമ്പോൾ വനിതാ നേതാവിന് ചേരാത്ത പദപ്രയോഗങ്ങൾ നടത്തി അന്തരീക്ഷ മലിനീകരണം നടത്തുന്നു. ” ഉലത്തിക്കളയും, ഉലത്തിക്കളയും’ എന്നിത്യാദി നിലവാരം കുറഞ്ഞ പ്രസംഗം നടത്തുവാൻ എങ്ങിനെയാണ് ഇവർക്ക് കഴിയുന്നത്. ഇതാണോ? ആർ എസ് എസും സംഘപരിവാറും ബി ജെ പിയും പറയുന്ന ആർഷഭാരത സംസ്കാരം. നഗ്ന സന്യാസിമാരുടെ ഘോഷയാത്രകളും മറ്റും നടത്തി അതിൽ ആനന്ദം കണ്ടെത്തുന്ന ഇക്കൂട്ടർ ഇതും ഇതിലപ്പുറം പ്രയോഗങ്ങളും നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും CPIM സംസ്ഥാന സെക്രട്ടറിക്കുമെതിരെ സംഘ പരിവാർ നടത്തുന്ന ആക്രോശങ്ങൾ ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഓരിയിടുന്ന പട്ടിയുടെ മാനസികാവസ്ഥയിൽ നിന്നുണ്ടാകുന്ന മിഥ്യാബോധത്തിന്റെ ഫലമാണെന്ന് കേരളീയർ മനസിലാക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ep jayarajan slams against rss

Best of Express