തിരുവനന്തപുരം: ഇന്ധന സെസിൽ പ്രശ്നങ്ങളുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അതിർത്തി സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ പെട്രോൾ, ഡീസൽ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകും. കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ അത് പ്രതിസന്ധിയുണ്ടാക്കും. അവിടെ വിൽപന കൂടുകയും കേരളത്തില്‍ വില്‍പന കുറയുകയും ചെയ്യും. ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് സർക്കാർ ആലോചിക്കണമെന്ന് ജയരാജൻ മനോരമ ന്യൂസിനോടു പറഞ്ഞു.
ഇത്തവണ ബജറ്റിൽ ഇന്ധനത്തിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചിരുന്നു. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ടു ശതമാനം കൂട്ടി. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കായി പുതുതായി വാങ്ങുന്ന മറ്റു വാഹനങ്ങളുടെയും നികുതി വര്‍ധിപ്പിച്ചു. അഞ്ചു ലക്ഷം വരെ വിലയുള്ളവയുടെ നികുതി ഒരു ശതമാനവും ഒരു ലക്ഷവും അഞ്ചു മുതല്‍ 15 ലക്ഷം വരെ വിലയുള്ളവയുടെ നികുതി രണ്ടു ശതമാനവുമാണു വര്‍ധിപ്പിച്ചു. 15 ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങളുടെ നികുതിയില്‍ ഒരു ശതമാനമാണു വര്‍ധന. ഇതിലൂടെ 340 കോടി രൂപയുടെ അധിക വരുമാനമാണു പ്രതീക്ഷിക്കുന്നത്.