തിരുവനന്തപുരം: സർക്കാർ ഇരയ്ക്കൊപ്പമെന്ന് മന്ത്രി ഇ.പി.ജയരാജൻ. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിലാണ് മന്ത്രിയുടെ പ്രതികരണം. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുളള ഹൈക്കോടതി ജംങ്ഷനിൽ നടക്കുന്ന കന്യാസ്ത്രീകളുടെ സമരം അഞ്ചാ ദിവസവും തുടരുകയാണ്. നീതി ലഭിക്കും വരെ പോരാടുമെന്നാണ് കന്യാസ്ത്രീകൾ വ്യക്തമാക്കിയിട്ടുളളത്. സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തുളളവരുടെ പിന്തുണയും കൂടി വരികയാണ്.

കൊച്ചിയിൽ തുടരുന്ന സമരത്തിന് പിന്തുണ അറിയിച്ച് തിരുവനന്തപുരത്തും സമരം തുടങ്ങിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കലാണ് ധർണ നടക്കുന്നത്. വി.എം.സുധീരൻ ധർണ ഉദ്ഘാടനം ചെയ്തു.

അതേസമയം, സമരത്തിന് പിന്നില്‍ ഗൂഢാലോചനയാണ് എന്നായിരുന്നു ഇന്നലെ മാധ്യമങ്ങളെ കണ്ട കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്. 2014-16 കാലഘട്ടത്തില്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചതായാണ് കന്യാസ്ത്രീയുടെ പരാതി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ